തിരുവനന്തപുരം :- സംസ്‌ഥാനത്തെ എല്ലാ സർക്കാർ ഓഫിസുകൾക്കും പുറത്ത് നിരീക്ഷണ ക്യാമറ സ്‌ഥാപിക്കാൻ തീരുമാനം. ചീഫ് സെക്രട്ടറി വിളിച്ച വകുപ്പു സെക്രട്ടറിമാരുടെ യോഗമാണു തീരുമാനമെടുത്തത്. അരക്കിലോമീറ്റർ പരിധിക്കുള്ളിലെ ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന ക്യാമറയാണു സ്‌ഥാപിക്കേണ്ടത്. കേന്ദ്ര, സംസ്‌ഥാന സർക്കാർ സ്‌ഥാപനങ്ങളിലെ സിസിടിവി ക്യാമറകളെ തമ്മിൽ ബന്ധിപ്പിച്ച് ശൃംഖല സ്‌ഥാപിക്കും.
ക്യാമറയിലെ ദൃശ്യങ്ങൾ ആവശ്യപ്പെട്ടാൽ പോലീസുമായി പങ്കുവയ്ക്കണം. മിക്ക സർക്കാർ ഓഫിസുകളിലും സിസിടിവി സൗകര്യം ഉണ്ടെങ്കിലും കെട്ടിടങ്ങൾക്കുള്ളിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. പുറത്തേക്കു കൂടി ഇവ വ്യാപിപ്പിക്കണം. ഒന്നിൽ കൂടുതൽ ഓഫിസുകൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങളിൽ ക്യാമറ സ്‌ഥാപിക്കാൻ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം. ഐടി വകുപ്പ് പദ്ധതി ഏകോപിപ്പിക്കുകയും ധനവകുപ്പ് പണം ലഭ്യമാക്കുകയും വേണമെന്നു യോഗം തീരുമാനിച്ചു