ഇനി ഒരു വർഷത്തെ കാത്തിരിപ്പ് ; കൊട്ടിയൂർ വൈശാഖോത്സവം സമാപിച്ചു


കൊട്ടിയൂർ :- കൊട്ടിയൂർ വൈശാഖോത്സവം തൃക്കലശാട്ടോടെ സമാപിച്ചു. ഇനി 11 മാസം അക്കരെ കൊട്ടിയൂർ പ്രകൃതിയുടെ മഹാനിശ്ശബ്ദതയിൽ ലയിക്കും. പരാശക്തിയുടെ വാൾ മുതിരേരിക്കാവിലേക്ക് തിരിച്ചെഴുന്നള്ളിച്ചു. വെള്ളിയാഴ്ച രാവിലെ ചോതിവിളക്കിലെ നാളം തേങ്ങാമുറികളിലേക്ക് പകർന്നതോടെ തൃക്കലശാട്ട് ചടങ്ങുകൾക്ക് ആരംഭമായി. ഞെട്ടിപ്പനയോലയും മുളകളും കൊണ്ട് കെട്ടിയുണ്ടാക്കിയ ശ്രീകോവിൽ പിഴുതെടുത്ത് തിരുവഞ്ചിറയിൽ ഇട്ടു. തുടർന്ന് തന്ത്രിമാർ ചേർന്ന് സ്വയം ഭൂവിഗ്രഹത്തിൽ കളഭം അഭിഷേകം ചെയ്തു.

അഭിഷേകത്തിനുശേഷം മുഴുവൻ ബ്രാഹ്മണരും ചേർന്ന് സമൂഹ പുഷ്പാഞ്ജലിയും പ്രധാന തന്ത്രിയുടെ പൂർണ പുഷ്പാഞ്ജലിയും സ്വയംഭൂവിൽ 1 സമർപ്പിച്ചു. പുഷ്പാഞ്ജലി കഴിഞ്ഞ് തീർഥവും പ്രസാദവും ആടിയ കളഭവും ഭക്തർക്ക് നൽകി. തുടർന്ന് തിടപ്പള്ളിയിൽ കയറിയിരുന്ന കുടിപതികൾ തണ്ടിന്മേൽ ഊണ് നടത്തി. മുതിരേരിക്കാവിലെ വാൾ ഭണ്ഡാര അറയിൽ നിന്നെടുത്ത് സ്വയംഭൂവിൽ ചേർത്തുവെച്ചു. വാളെടുത്ത് ക്ഷേത്രം വലംവെച്ച് പടിഞ്ഞാറെ നടവഴി അക്കരെ ക്ഷേത്രത്തിൽ നിന്ന് വിടവാങ്ങി. ഭക്തരും അക്കരെ ക്ഷേത്രത്തോട് വിടചൊല്ലി. അമ്മാറക്കൽ തറയിൽ ചന്ദനപ്പൊടി അഭിഷേകം ചെയ്തു. ഭണ്ഡാരങ്ങളും തിരിച്ചെഴുന്നളളിച്ചു. 

സന്നിധാനത്തു നിന്ന് പ്രധാന തന്ത്രിയും ഓച്ചറും പന്തക്കിടാവും ഒഴികെയുള്ളവർ പുറത്ത് പോയശേഷം യാത്രബലി ആരംഭിച്ചു. ഹവിസ് തൂകി തന്ത്രി പാമ്പറപ്പാൻ തോടിന്റെ കരയിലെത്തി. കർമങ്ങൾ പൂർത്തിയാക്കി തിരുഞ്ഞുനോക്കാതെ അദ്ദേഹം മടങ്ങിയതോടെ വൈശാഖോത്സവത്തിൻ്റെ താന്ത്രികകർമങ്ങൾ പൂർത്തിയായി. ബലി ബിംബങ്ങൾ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച് നിത്യപൂജകൾക്ക് തുടക്കമായി.ശനിയാഴ്ച വറ്റടിദിനത്തിൽ സ്ഥാനിക ബ്രാഹ്മണർ സ്വയംഭൂവിൽ അഷ്ടബന്ധം ആവരണം ചെയ്യും. ഒരു ചെമ്പ് ചോറ് നിവേദ്യമായി സമർപ്പിച്ച് മടങ്ങും.

Previous Post Next Post