തിരുവനന്തപുരം :- കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു. പണിമുടക്ക് കേരളത്തിൽ ബന്ദായി മാറി. കെഎസ്ആർടിസി ബസുകളടക്കം നിരത്തിലിറങ്ങിയില്ല. ചിലയിടത്ത് സർവീസ് നടത്താനുള്ള കെഎസ്ആർടിസി ജീവനക്കാരുടെ ശ്രമം സമരാനുകൂലികൾ തടഞ്ഞുൂ. കെഎസ്ആർടിസി നിരത്തിലിറങ്ങാതായതോടെ പൊതുഗതാഗതം തടസ്സപ്പെട്ടു. ഹര്‍ത്താലിന്‍റെ പ്രതീതിയുണ്ടാക്കിയ പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചു. കേരളത്തിൽ കെ എസ് ആർ ടിസി സർവീസ് നടത്തുമെന്ന് പ്രഖ്യാപിച്ച ഗതാഗതമന്ത്രി ഗണേഷ് കുമാറിന്റെ മണ്ഡലത്തിലടക്കം സമരാനുകൂലികൾ ബസുകൾ തടഞ്ഞു. പലയിടത്തും തർക്കമുണ്ടായി. പോസ്റ്റ് ഓഫീസുകളുടെ പ്രവർത്തനം സമരാനുകൂലികൾ പലയിടത്തും തടഞ്ഞു.
പൊതുഗതാഗതം തടസ്സപ്പെട്ടു
കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുളള ബസുകള്‍ സർവീസ് നടത്താത്തിനാൽ ജനം വലഞ്ഞു. ചിലയിടങ്ങളില്‍ പണിമുടക്കില്‍ പങ്കെടുക്കാത്ത കെഎസ്ആര്‍ടിസി ജീവനക്കാര്‍ സര്‍വീസ് നടത്താന്‍ ശ്രമിച്ചെങ്കിലും സമരാനുകൂലികള്‍ തടഞ്ഞു. ഇതു പലയിടത്തും വാക്കേറ്റത്തിന് ഇടയാക്കി. സ്വകാര്യ ആവശ്യത്തിനുളള
വാഹനങ്ങള്‍ മാത്രമാണ് നിരത്തിലുളളത്. കടകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്. പണിമുടക്ക് കേരളത്തില്‍ ട്രെയിന്‍ സര്‍വീസിനെ ബാധിച്ചില്ല. റെയില്‍വേ സ്റ്റേഷനിലെത്തുന്ന യാത്രകാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ പോലീസ് മുന്‍കരുതല്‍ നടപടികളെടുത്തിട്ടുണ്ട്
സര്‍ക്കാര്‍ ജീവനക്കാര്‍ അവധി എടുക്കാതിരിക്കാന്‍ ഡയസ്നോണ്‍
പണിമുടക്കിന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ അവധി എടുക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിരുന്നു. സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തെ സമരം ബാധിക്കുമോ എന്നാണ് ആശങ്ക. സെക്രട്ടേറിയറ്റിലേക്ക് എത്തുന്ന ജീവനക്കാരുടെ എണ്ണം കുറവാണ്. ചീഫ് സെക്രട്ടറി സെക്രട്ടേറിയറ്റിലേക്ക് എത്തി.
പൊലീസുമായി സംഘർഷം
തിരുവനന്തപുരം ആറ്റിങ്ങലിൽ സമരാനുകൂലികള്‍ ബസ് തടഞ്ഞതോടെ പൊലീസുമായി നേരിയ തോതിൽ സംഘർഷമുണ്ടായി. സമരക്കാരെ തടഞ്ഞ പൊലീസുകാരനെ കയ്യേറ്റം ചെയ്യാൻ ശ്രമമുണ്ടായതോടെയാണ് സംഘർഷത്തിലേക്ക് എത്തിയത്. മലപ്പുറം മഞ്ചേരിയിൽ പൊലീസും സമരാനുകൂലികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി.സ്വകാര്യ വാഹനം സർവീസ് നടത്തിയത് തടഞ്ഞ സമരക്കാരെ ചോദ്യം ചെയ്തതിനായിരുന്നു പോലീസുകാരെ തള്ളിയത്. രൂക്ഷമായ വാക്കേറ്റവും ഉണ്ടായി.
ആലപ്പുഴയിൽ കെഎസ്ആർടിസി സർവീസ് നടത്തുന്നില്ല. രാവിലെ നെടുമ്പാശ്ശേരി യിലേക്കുള്ള രണ്ട് ലോ ഫ്ലോർ ബസുകൾ സർവീസുകൾ നടത്തി. ഏതാനും ഡ്രൈവർമാരും കണ്ടക്ടർമാരും എത്തുന്നുണ്ട്. ചമ്പക്കുളം വള്ളംകളി നടക്കുന്നതിനാൽ ഈ റൂട്ടിൽ സർവീസ് നടത്തിയേക്കും. പൊലീസ് നിർദേശമനുസരിച്ച് മാത്രം തീരുമാനം ദീർഘദൂര ബസുകൾ കടന്ന് പോകുന്നുണ്ട്. ആലപ്പുഴയിൽ ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾ സർവീസ് നടത്തുന്നില്ല.
കൊല്ലത്ത് പോസ്റ്റ്ഓഫീസ് ജീവനക്കാരെ സിഐടിയുക്കാർ തടഞ്ഞു. ജീവനക്കാർ എത്തിയെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിലെ ഗേറ്റ് തുറക്കാൻ അനുവദിച്ചില്ല. പൊലീസും സമരക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് സമീപം പണിമുടക്ക് അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു.
പൊതുപണിമുടക്ക് കേരളത്തിന് പുറത്ത്
കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ പൊതുപണിമുടക്ക് കാര്യമായ ചലനമുണ്ടാക്കിയില്ല. ദില്ലി, മുംബൈ, ബംഗളൂരു അടക്കം വൻ നഗരങ്ങളിൽ ജനജീവിതം സാധാരണ നിലയിലാണ്. ബിഹാറിൽ പണിമുടക്ക് അനുകൂലികൾ വന്ദേ ഭാരത് ട്രെയിൻ തടഞ്ഞു. ജഹാനാബാദിൽ വഴി തടഞ്ഞു. പശ്ചിമ ബംഗാളിലും സർക്കാർ സർവീസുകളെപണിമുടക്ക് ബാധിച്ചു. ഹൗറയിൽ സമരം ചെയ്തവർക്കെതിരെ ലാത്തിച്ചാർജുണ്ടായി.
മഹാരാഷ്ട്രയിലും ഗുജറാത്തിലും ഗോവയിലും പൊതുപണിമുടക്ക് കാര്യമായ ചലനമുണ്ടാക്കിയിട്ടില്ല. മൂന്നു സംസ്ഥാനങ്ങളിലെയും സര്‍ക്കാര‍് ബസുകളടക്കം എല്ലാ വാഹനങ്ങളും നിരത്തിലുണ്ട്. സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിച്ചു തുടങ്ങി. ഗതാഗത കുരുക്കും തിരക്കുമോക്കെയായി മുംബൈ നഗരം ഇന്നും പതിവുപോലെ സജീവമാണ്.