പ്രായമായവർക്ക് തുണ, ബന്ധുക്കളുമുണ്ടായിട്ടും ഒറ്റപ്പെട്ട് കഴിയുന്നവർക്കും ഇനി തുണയായി 'വയോരക്ഷ'


പത്തനംതിട്ട :- സാമൂഹിക സുരക്ഷാ വകുപ്പ് മുഖേന നടപ്പാക്കുന്ന 'വയോരക്ഷ' പദ്ധതിയിൽ നിന്നുള്ള സഹായം ഇനി മുതൽ എല്ലാ വയോജനങ്ങൾക്കും ലഭിക്കും. 2021-22 സാമ്പത്തിക വർഷം ആരംഭിച്ച പദ്ധതിയുടെ പ്രയോജനം ഇതുവരെ ബിപിഎൽ കുടുംബങ്ങളിലെ മുതിർന്ന പൗരൻമാർക്ക് മാത്രമാണ് ലഭിച്ചിരുന്നത്. പദ്ധതി ആനുകൂല്യം ലഭിക്കുന്ന ഗുണഭോക്താക്കളുടെ എണ്ണം എല്ലാ ജില്ലകളിലും കുറവാണെന്നു കണ്ടെത്തിയതോടെയാണ് പുതിയ തീരുമാനം. ഇതിനായി നിലവിലെ മാനദണ്ഡങ്ങളിൽ വ്യക്‌തത വരുത്തി സാമൂഹിക നീതി വകുപ്പ് ഡയറക്‌ടർ ഉത്തരവിറക്കി.

ആരും സംരക്ഷിക്കാനില്ലാത്ത വയോജനങ്ങൾക്ക് ചികിത്സ, പുനരധിവാസം, കെയർഗിവറുടെ സേവനം, അത്യാവശ്യ സഹായ ഉപകരണങ്ങൾ എന്നിവ നൽകുന്നതിനു ജില്ലാ സാമൂഹിക നീതി ഓഫിസർക്ക് 25,000 രൂപ വരെ അടിയന്തര ഘട്ടത്തിൽ പദ്ധതിയിലൂടെ അനുവദിക്കാം. 2 ലക്ഷം രൂപ വരെ കലക്ടർ ചെയർമാനായ ജില്ലാ മോണിറ്ററിങ് കമ്മിറ്റിയുടെ മുൻകൂർ അനുമതിയോടെയും അനുവദിക്കാം.

ഇനി മുതൽ, മക്കളും ബന്ധുക്കളുമുണ്ടായിട്ടും ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്ക് കഴിയുന്ന പ്രായമായ വ്യക്തികൾക്കും പദ്ധതി ആനുകൂല്യം ലഭിക്കും. അടിയന്തര സാഹചര്യത്തിലുള്ള വയോജനങ്ങളെ ആശുപത്രിയിൽ എത്തിക്കുന്നതിനു ആംബുലൻസ് സേവനം, പ്രാഥമിക ചികിത്സ, ഭക്ഷണം, മരുന്ന്, കെയർ ഗിവർ സേവനം എന്നിവ ലഭ്യമാക്കുന്നതിനു വയോജനങ്ങളുടെ സാമ്പത്തിക സ്ഥിതി ബാധകമാക്കില്ല. മക്കളുണ്ടായിട്ടും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുന്ന വയോജനങ്ങളെ സുരക്ഷിതമായി പുനരധിവാസ കേന്ദ്രങ്ങളിലെത്തിക്കുന്നതിനു ഫണ്ട് വിനിയോഗിക്കും.

Previous Post Next Post