ക്യാമ്പസുകളില്‍ ലഹരി ഉപയോഗം തടയാന്‍ കര്‍മപരിപാടിയുമായി ശില്‍പശാല സംഘടിപ്പിച്ചു


കണ്ണൂർ :- ജില്ലാ ഭരണകൂടം, കണ്ണൂര്‍ യൂണിവേഴ്സിറ്റി എന്‍ എസ് എസ് സെല്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കോളേജ് ക്യാമ്പസുകളില്‍ ലഹരി ഉപയോഗം തടയാനുള്ള കര്‍മ പരിപാടികള്‍ ആവിഷ്‌ക്കരിക്കുന്നതിനായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. കണ്ണൂര്‍ യൂണിവേഴ്സിറ്റി താവക്കര ക്യാമ്പസില്‍ നടന്ന ശില്‍പശാല ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. ചുറ്റുപാടുകളില്‍ ലഹരി ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ അതിനെതിരെ പ്രതികരിക്കാനുള്ള ധൈര്യം വിദ്യാര്‍ഥികള്‍ കാണിക്കണമെന്നും അതിനുള്ള സഹായ സഹകരണങ്ങള്‍ അധ്യാപകര്‍ നല്‍കണമെന്നും കലക്ടര്‍ പറഞ്ഞു. ഡയറക്ടര്‍ ഓഫ് സ്റ്റുഡന്റ് സര്‍വീസസിന്റെ സഹകരണത്തോടെ യൂണിവേഴ്സിറ്റിയിലെ മുഴുവന്‍ കോളേജുകളിലെയും ആന്റി ഡ്രഗ് ക്യാമ്പസ് പ്രൊട്ടക്ഷന്‍ ആര്‍മി നോഡല്‍ ഓഫീസര്‍മാര്‍, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവര്‍ക്കായാണ് ശില്‍പശാല സംഘടിപ്പിച്ചത്. യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ. ജോബി കെ ജോസ് അധ്യക്ഷനായി. ജില്ലാ റൂറല്‍ പോലീസ് മേധാവി അനൂജ് പലിവാല്‍ മുഖ്യ പ്രഭാഷണം നടത്തി. മുഖ്യാതിഥിയായ അസിസ്റ്റന്റ് കലക്ടര്‍ എഹ്തെദ മുഫസിര്‍ ഡ്രഗ് ഫ്രീ ക്യാമ്പസ് ലോഗോ പ്രകാശനം ചെയ്തു.

കോളേജ് ക്യാമ്പസുകളില്‍ ലഹരി ഉപയോഗം തടയാനുള്ള കര്‍മ പരിപാടികള്‍ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പി ബിജു മോഡറേറ്ററായി. ലഹരി ഉപയോഗവും മാനസിക ആരോഗ്യവും എന്ന വിഷയത്തില്‍ മാക്സ് മൈന്‍ഡ് കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. അരുണ്‍ ജോയ്, എന്‍ ഡി പി എസ് ആക്ടും മയക്കുമരുന്ന് ദുരുപയോഗം തടയാനുള്ള നിയമ സംവിധാനങ്ങളും എന്ന വിഷയത്തില്‍ മുന്‍ ജില്ലാ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. ബി.പി ശശീന്ദ്രന്‍, ലഹരി ഉപയോഗം: നേരത്തെയുള്ള തിരിച്ചറിയലും ശാസ്ത്രീയ ഇടപെടലും എന്ന വിഷയത്തില്‍ ഡി എം എച്ച് പി സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ കെ.വി നിഖിത വിനോദ് എന്നിവര്‍ ക്ലാസെടുത്തു.

Previous Post Next Post