കൊളച്ചേരി തീപ്പെട്ടിക്കമ്പനി റോഡിൽ കരുമാരത്ത് ഇല്ലത്തിന് സമീപം ഭക്ഷണമാലിന്യം തള്ളിയ നിലയിൽ കണ്ടെത്തി ; കനാലിനകത്തും പുറത്ത് റോഡരികിലുമായാണ് പ്ലാസ്റ്റിക് കവറുകളിൽ കെട്ടി മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തിയത്

 


കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ കരുമാരത്ത് ഇല്ലത്തിന് സമീപം റോഡരികിൽ ഭക്ഷണ അവശിഷ്ടങ്ങൾ തള്ളിയ നിലയിൽ. തീപ്പെട്ടിക്കമ്പനി റോഡിലെ കനാലിലും കനാലിനരികിലുമായാണ് ഇന്ന് ഭക്ഷണ സാധനങ്ങളുടെ അവശിഷ്ടങ്ങൾ തള്ളിയ നിലയിൽ കണ്ടെത്തിയത്. ആഘോഷങ്ങൾ കഴിഞ്ഞതിന്റെ ഭക്ഷണ മാലിന്യങ്ങളാണ് നീല പ്ലാസ്റ്റിക് കവറുകളിൽ  കെട്ടി തള്ളിയ നിലയിൽ റോഡരികിൽ കണ്ടെത്തിയത്. നിരവധി നീല കവറുകളിലായാണ് റോഡരികിൽ ഏറെ ദൂരത്തോളം മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. 

നിരവധി വീടുകൾ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് മാലിന്യം തള്ളിയിരിക്കുന്നത് പ്രയാസം ഉണ്ടാക്കുന്നതായി പ്രദേശവാസികൾ പറയുന്നു. വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധി പേർ കാൽനടയായും മറ്റും യാത്ര ചെയ്യുന്ന റോഡാണിത്. മുൻപും നിരവധി തവണ ഇവിടെ ഇത്തരത്തിൽ മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപെട്ടിരുന്നു. തുടർന്നാണ് ഇന്ന് വീണ്ടും മാലിന്യം തള്ളിയിരിക്കുന്നത്.

കൊളച്ചേരി ഗ്രാമപഞ്ചായത്ത് അധികൃതരും നാട്ടുകാരും സ്ഥലത്തെത്തി. നടത്തിയ പരിശോധനയിൽ അവശിഷ്ടങ്ങൾ ഒരു ഇവന്റ് മാനേജ്‌മെന്റിന്റെതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ മജീദിന്റെ നേതൃത്വത്തിൽ വാർഡ് മെമ്പർമാരായ മുഹമ്മദ്‌ അഷറഫ്.കെ, സീമ കെ.സി, പഞ്ചായത്ത്‌ ഹെൽത്ത്‌ ഇൻസ്‌പെക്ടർ നിവേദിത കെ.വി, മയ്യിൽ പഞ്ചായത്ത്‌ ആരോഗ്യ വിഭാഗം ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഗോപകുമാർ.കെ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗം ജെ.എച്ച്.ഐ നിഷാദ്.ടി എന്നിവർ പരിശോധനയിൽ പങ്കെടുത്തു. കൂടുതൽ പരിശോധന നടത്തി മാലിന്യം തള്ളിയവർക്കെതിരെ തുടർ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.




Previous Post Next Post