വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവം ; അന്വേഷണത്തിന് നിർദ്ദേശം നൽകിയതായി വിദ്യാഭ്യാസ മന്ത്രി


കൊല്ലം :- വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശം നൽകിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി അറിയിച്ചു. സംഭവം അതീവ ദുഃഖകരമാണ്. അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫീസർമാരോട് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാ‍ര്‍ത്ഥിയായ മിഥുൻ (13) ആണ് മരിച്ചത്. സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കെട്ടിടത്തിന്റെ മുകളിൽ ഉയർന്ന വോൾട്ടേജ് ലൈനുകൾ കടന്നുപോകുന്ന ഭാഗത്താണ് മിഥുന്റെ ചെരിപ്പ് വീണതെന്നാണ് പ്രാഥമിക വിവരം. ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെ മിഥുൻ വൈദ്യുതി കമ്പിയിൽ സ്പർശിക്കുകയും ഷോക്കേൽക്കുകയുമായിരുന്നു. ഉടൻതന്നെ സ്കൂൾ അധികൃതരും സഹപാഠികളും ചേർന്ന് മിഥുനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.   


Previous Post Next Post