കണ്ണൂർ :- ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ സാക്ഷരതാമിഷന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച പത്താംതരം സാക്ഷരതാ പഠിതാക്കളുടെ സംഗമം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. സമ്പൂർണ ഹയർസെക്കന്ററി സാക്ഷരതാ ജില്ലയായി കണ്ണൂരിനെ പ്രഖ്യാപിക്കുന്നതിനുള്ള പ്രയത്നമാണ് നടക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു.
ജില്ലയിലെ 14 പഠന കേന്ദ്രങ്ങളിൽ നിന്നുളള ആയിരത്തോളം പഠിതാക്കൾ പങ്കെടുത്തു. തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഷാജുജോൺ, അക്കാദമിക് കൺവീനർ വി ആർ വി ഏഴോം എന്നിവർ ക്ലാസ്സെടുത്തു.
ജില്ലാപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷനായി. വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ യു.പി ശോഭ, സെക്രട്ടറി ടൈനി സൂസൻ ജോൺ, സാക്ഷരത മിഷൻ അസി. ജില്ലാ കോ ഓർഡിനേറ്റർ ടി.വി ശ്രീജൻ, കെ കുര്യാക്കോസ്, സെന്റർ കോ ഓർഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു.