ന്യൂഡൽഹി :- ആറുമാസം തുടർച്ചയായി റേഷൻ സാധനങ്ങൾ വാങ്ങാത്തവരുടെ റേഷൻ കാർഡ് താത്കാലികമായി മരവിപ്പിക്കാനുള്ള കേന്ദ്രതീരുമാനം കേരളത്തിനുള്ള ഭക്ഷ്യധാന്യവിഹിതം വീണ്ടും കുറയ്ക്കാനിടയാക്കിയേക്കും. കേന്ദ്ര ഭക്ഷ്യ -പൊതുവിതരണ മന്ത്രാലയം 22-ന് പുറത്തിറക്കിയ ചട്ടഭേദഗതിയിലാണ് മരവിപ്പിക്കൽ വ്യവസ്ഥ. സംസ്ഥാനസർക്കാരാണ് കാർഡ് മരവിപ്പിക്കേണ്ടത്. തുടർന്ന് മൂന്നുമാസത്തിനകം നേരിട്ട് പരിശോധന നടത്തി ഉടമകളുടെ ഇലക്ട്രോണിക് -കെവൈസി പ്രക്രിയ പൂർത്തിയാക്കി അർഹത ബോധ്യപ്പെട്ടാൽ റേഷൻ നൽകും. നിലവിൽ മുൻഗണന, മുൻഗണനേതര റേഷൻ ഉപഭോക്താക്കളുടെ സേവിങ്സ് (ഉപയോഗിക്കാത്തവരുടേതായി മിച്ചം വരുന്ന വിഹിതം) ഇനത്തിൽ 90,000 മെട്രിക് ടൺ അരി കേരളത്തിന് കേന്ദ്രം തടഞ്ഞിരിക്കയാണ്.
ഇതുൾപ്പെടെ കേരളത്തിന് ലഭിക്കേണ്ട അരിവിഹിതമായ 14 ലക്ഷം മെട്രിക് ടൺ അരി വരുന്ന ഓണക്കാലത്ത് ലഭ്യമാക്കണമെന്ന് അഭ്യർഥിച്ച് സംസ്ഥാനസർക്കാർ കേന്ദ്രത്തെ സമീപിച്ചിരിക്കയാണ് പുതിയ നീക്കം. നിലവിൽ മൂന്നുമാസം റേഷൻ വാങ്ങാത്ത പിങ്ക്, മഞ്ഞ കാർഡുകൾ മുൻഗണനാവിഭാഗത്തിൽ നിന്ന് ഒഴിവാക്കുന്ന രീതിയുണ്ട്. ഓരോ മാസവും ശരാശരി 17.65 ലക്ഷം പേർ കേരളത്തിൽ റേഷൻ വാങ്ങുന്നില്ലെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. എന്നാൽ, ഇത്രയുംപേർ റേഷൻ വാങ്ങാത്തവരായില്ലെന്നാണ് കേരളസർക്കാരിൻ്റെ വാദം.