ആലപ്പുഴ :- വി എസ് അച്യുതാനന്ദന്‍റെ സമര ഭരിത ജീവിതത്തിന് കേരളം അവിസ്മരണീയ യാത്രയയപ്പ് നൽകി പാതയോരങ്ങളിലെല്ലാം അഭൂതപൂർവ ജനക്കൂട്ടമെത്തിയതോടെ സമയക്രമമെല്ലാം കാറ്റിൽ പറന്നു. ജനനായകനെ അവസാനമായി ഒരു നോക്ക് കാണാൻ കേരള ജനത ഒന്നാകെ തെരുവോരങ്ങളിൽ അണിനിരന്നതോടെ വിലാപ യാത്ര 22 മണിക്കൂർ പിന്നിട്ടാണ് വേലിക്കകത്ത് വീട്ടിലെത്തിയത്. പെരുമഴയെ തോൽപ്പിച്ചും ജനക്കൂട്ടം 'കണ്ണേ കരളേ' മുദ്രാവാക്യങ്ങളുമായി തെരുവുകളെ നൊമ്പര കടലാക്കി മാറ്റിയപ്പോൾ വിലാപയാത്രയും അത്രമേൽ വൈകി.
സമയ ക്രമമെല്ലാം തെറ്റിയതോടെ വി എസിന്‍റെ സംസ്കാര സമയത്തിലടക്കം മാറ്റം വരുത്തിയിട്ടുണ്ട്. വി എസിന്‍റെ സംസ്കാരം വൈകിട്ടോടെയാകും നടത്തുക. ആലപ്പുഴ സി പി എം ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതു ദർശന സമയവും വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഡി സിയിൽ അരമണിക്കൂർ നേരം മാത്രമാകും പൊതു ദർശനം. ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനമുണ്ടാകുമെന്ന് അറിയിപ്പുണ്ട്. ശേഷം വൈകിട്ടോടെയാകും രക്തസാക്ഷികളുടെ വീരസ്മരണകളിരമ്പുന്ന പുന്നപ്രയിൽ വി എസ് അനശ്വരനാകുക.
സംസ്കാര സമയക്രമത്തിൽ മാറ്റം വരുത്തിയതായി നേരത്തെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തന്നെ അറിയിച്ചിരുന്നു. അഭൂതപൂർവ്വമായ ജനക്കൂട്ടം ആണ് വി എസിനെ അവസാനമായി ഒരു നോക്ക് കാണാൻ കാത്തുനിൽക്കുന്നതെന്നും അതുകൊണ്ടുതന്നെ സംസ്കാരത്തിന്‍റെ കാര്യത്തിലടക്കം സമയക്രമത്തിൽ മാറ്റം ഉണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. സമയം നീണ്ടാലും എല്ലാവർക്കും ആദരമർപ്പിക്കാൻ അവസരം നൽകുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.