കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്ത് പൊതുശ്മശാനവും കൊളച്ചേരി PHC യും ചോർന്നൊലിക്കുന്നു.അടുത്തിടെ നിർമ്മാണം പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്ത വാതക ശ്മശാനത്തിന്റെ കെട്ടിടത്തിലാണ് ചോർച്ചയുള്ളത്. മഴ പെയ്ത് വെള്ളം ചോർന്നതോടെ ശ്മശാനത്തിലെ ജനറേറ്റർ ഉൾപ്പെടെയുള്ള സാധനങ്ങൾ മഴവെള്ളം കൊണ്ട് നനയുന്ന അവസ്ഥയിലാണുള്ളത്.
ശ്മശാനത്തിനു പുറമെ ചേലേരി കാറാട്ടെ PHC കെട്ടിടവും ചോർന്നൊലിക്കുകയാണ്. ദിനംപ്രതി നിരവധി രോഗികൾ എത്തിച്ചേരുന്ന ഈ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ അടുത്തിടെ നിർമ്മാണം നടത്തിയ കെട്ടിടമാണ് ചോരുന്നത്. ഉദ്ഘാടനം നടത്താണിരിക്കുന്ന കെട്ടിടത്തിലേക്കാണ് വെള്ളം വീഴുന്നത്. വെള്ളം ചോർന്നു വീഴുന്നതോടെ രോഗികൾ തെന്നി വീഴുന്ന അവസ്ഥയിലാണുള്ളത്. ചോർന്ന് വീഴുന്ന വെള്ളം പിടിക്കാൻ PHC കെട്ടിടത്തിനകത്ത് ബക്കറ്റുകൾ നിരത്തിവെച്ചിരിക്കുകയാണ്.
പൊതുജനങ്ങളെ ബാധിക്കുന്ന ഈ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്ന് ബിജെപി കോളേജ് ഒരു പഞ്ചായത്ത് കമ്മിറ്റി കൊളച്ചേരി ഗ്രാമപഞ്ചായത്ത് അധികൃതരോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ചോർച്ച തടയുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും, ശ്മശാനത്തിലേക്ക് ആംബുലൻസ് പ്രവേശിപ്പിച്ച് പാർക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നും മതാചാരപ്രകാരമുള്ള ചടങ്ങുകൾ നടത്തുന്നതിനു വേണ്ടിയുള്ള സൗകര്യം ഒരുക്കി തരണമെന്നും നിവേദനത്തിൽ പറയുന്നു. പ്രശ്നത്തിന് ഉടൻ പരിഹാരം കാണുമെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പ് നൽകിയതായി BJP കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.