സംസ്ഥാനത്ത് വ്യാജ വെളിച്ചെണ്ണ വ്യാപകമാകുന്നു ; മിന്നൽ പരിശോധനയിൽ പിടികൂടിയത് 16,565 ലിറ്റർ നിലവാരം ഇല്ലാത്ത വെളിച്ചെണ്ണ


തിരുവനന്തപുരം :- വില കുതിച്ച് കയറിയതോടെ സംസ്ഥാനത്ത് വ്യാജ വെളിച്ചെണ്ണ വ്യാപകം. സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇന്നലെ നടത്തിയ മിന്നൽ പരിശോധനയിൽ ഏഴ് ജില്ലകളിൽ നിന്നായി 16,565 ലിറ്റർ നിലവാരം ഇല്ലാത്ത വെളിച്ചെണ്ണ പിടിച്ചെടുത്തു. കൊല്ലം ജില്ലയിൽ നിന്നാണ് ഏറ്റവുമധികം വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തത്. കൊല്ലത്ത് വ്യാജ ബ്രാൻഡുകളിൽ വെളിച്ചെണ്ണ നിർമിച്ച് വിൽപ്പന നടത്തുന്ന ഫാക്ടറിയിൽ നിന്ന് 6500 ലിറ്റർ എണ്ണ പിടിച്ചെടുത്തു.

മായം കലർന്ന വെളിച്ചെണ്ണ എങ്ങനെ തിരിച്ചറിയാം ?

ഓണത്തിന് മുന്‍പേ കേരളത്തിലെ വിപണി കയ്യടക്കിയിരിക്കുകയാണ് വ്യാജ വെളിച്ചെണ്ണകള്‍. ആരോഗ്യത്തിന് വളരെ അധികം ഹാനികരമാണ് രാസവസ്തുക്കളടങ്ങിയ വ്യാജ വെളിച്ചെണ്ണ സൂപ്പര്‍മാര്‍ക്കറ്റിലോ അല്ലെങ്കില്‍ മറ്റെതെങ്കിലും കടകളിലോ എണ്ണ വാങ്ങാൻ കയറുമ്പോള്‍ നാം കാണുക വിവിധ ബ്രാൻഡുകളില്‍ പല തരം വിലകളില്‍ ഉള്ള വെളിച്ചെണ്ണകളെയാണ്. ഇവയില്‍ ഏത് നല്ലത് ഏത് മോശം എന്ന് എങ്ങനെ തിരിച്ചറിയും. മായം കലർന്ന വെളിച്ചെണ്ണ ഉയര്‍ത്തുന്ന ആരോഗ്യ പ്രശ്നങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം. അല്‍പ്പം ക്ഷമയോടെ പരിശോധിച്ചാല്‍ വ്യാജനെ കൈയോടെ പിടികൂടാം.

•ആദ്യം വാങ്ങുന്ന എണ്ണയുടെ ലേബല്‍ പരിശോധിക്കണം

•പ്രസര്‍വേറ്റിവുകളോ രാസവസ്‌തുക്കളോ ചേര്‍ക്കാത്ത 100 ശതമാനം വെളിച്ചെണ്ണ എന്ന് പറഞ്ഞിട്ടുണ്ടോയെന്ന് നോക്കണം

•മിനറല്‍ ഓയിലിന്‍റെയോ മറ്റേതെങ്കിലും ഭക്ഷ്യ എണ്ണകളുടെയോ ഉപയോഗം പരാമര്‍ശിക്കുകയാണെങ്കില്‍ അതിനര്‍ത്ഥം അതില്‍ മായം ചേര്‍ത്തിട്ടുണ്ട് എന്നാണ്.

•ചില്ലു ഗ്ലാസിൽ വെളിച്ചെണ്ണ അരമണിക്കൂർ ഫ്രീസറിന് പുറത്ത് ഫ്രിഡ്ജിൽ സൂക്ഷിക്കുക.

•എണ്ണ ശുദ്ധമാണെങ്കിൽ കട്ടയാകും. നിറമുണ്ടാകില്ല. മായം ഉണ്ടെങ്കില്‍ നിറവ്യത്യാസം കാണിക്കും.

•നേരിയ ചുവപ്പുനിറമെങ്കിൽ ആർജിമോൺ ഓയിൽ ചേർത്തിട്ടുണ്ടെന്ന് മനസിലാക്കാം. എണ്ണയില്‍ വെണ്ണ ചേർത്താൽ നിറം ചുവപ്പായാൽ പെട്രോളിയം പോലുള്ള മായം ചേര്‍ത്തെന്ന് സംശയിക്കണം.

•വ്യാജ വെളിച്ചെണ്ണ സ്ഥിരമായി ഉപയോഗിച്ചാല്‍ മറവി രോഗം, തലവേദന, ഹൃദ്രോഗം, സ്‌ട്രോക് പോലുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

Previous Post Next Post