2035ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ നഗരവാസികളാകും, ലോകത്തിലെ ഏറ്റവും വലിയ നഗരം കേരളമെന്ന് പറയും - മന്ത്രി എം.ബി രാജേഷ്


തിരുവനന്തപുരം :- കേരളം അതിവേഗത്തിൽ നഗരവൽക്കരണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും ലോകത്തിലെ ഏറ്റവും വലിയ നഗരം കേരളമാണെന്ന് പറയുന്ന കാലം വിദൂരമല്ലെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. കേരള അർബൻ കോൺക്ലേവ് 2025-ൻ്റെ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2035 ആകുമ്പോഴേക്കും കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ നഗരവാസികൾ ആയിരിക്കും. 85 മുതൽ 95 ശതമാനം ആളുകളും നഗരവാസികൾ ആകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളമാകെ നഗരമായിക്കൊണ്ടിരിക്കുകയാണ് എന്നാണ് അതിൻ്റെ അർത്ഥം. എന്നാൽ ലോകത്ത് മറ്റിടങ്ങളിലുള്ളത് പോലെയുള്ള നഗരവൽക്കരണമല്ല കേരളത്തിലേത്.

നഗര ഗ്രാമ വ്യത്യാസം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. എവിടെയാണ് ഗ്രാമം അവസാനിക്കുന്നത്, എവിടെ നഗരം ആരംഭിക്കുന്നു എന്ന് പറയാൻ കഴിയാത്ത സ്ഥിതിയാണ് കേരളത്തിലേത്. വലിയ സാധ്യതകളാണ് ഇതുവഴി തുറന്നിടുന്നത്. അതുപോലെ തന്നെ വെല്ലുവിളികളും. അതിനാൽ നഗരവൽക്കരണത്തെ വളരെ ഗൗരവമായി പഠിക്കേണ്ടതുണ്ട്. കൃത്രിമമായി അപഗ്രഥിച്ച് മികച്ച രീതിയിൽ നടപ്പാക്കുന്നതിന് വിദഗ്ധരുടെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും വ്യക്തവും വിശാലവുമായ നയവും അത്യാവശ്യമാണ്.

അതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ പ്രധാനപ്പെട്ട നഗരകാര്യ വിദഗ്ധരേയും ജനപ്രതിനിധികളേയും ഉൾപ്പെടുത്തി തദ്ദേശ സ്വയംഭരണ വകുപ്പ് അർബൻ പോളിസി കമ്മീഷൻ രൂപീകരിച്ചിരുന്നു. ഈ കമ്മീഷൻ സംസ്ഥാനമുടനീളം സഞ്ചരിച്ച് വിവിധ തുറകളിൽ ഉള്ള ജനങ്ങളുടെ നേരിട്ട് കണ്ട് ആശയവിനിമയം നടത്തി സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഒരു സംസ്ഥാനം നഗരവൽക്കരണത്തെ ശാസ്ത്രീയമായും സമഗ്രമായും സമീപിക്കുന്നത്. നഗര മന്ത്രിസഭ ഉൾപ്പെടെയുള്ള ശുപാർശകളാണ് കമ്മീഷൻ്റെ റിപ്പോർട്ടിലുള്ളത്.



Previous Post Next Post