ഓണവിപണി ലക്ഷ്യമിട്ട് കടത്തിയത് 39 ലിറ്റർ മദ്യം ; ഓട്ടോ ഡ്രൈവർ പിടിയിൽ


കോഴിക്കോട് :- ഓണത്തോടനുബന്ധിച്ച് വിൽപന നടത്താൻ അനധികൃതമായി മാഹിയിൽ നിന്ന് മദ്യം എത്തിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെ എക്സൈസ് പിടികൂടി. നാദാപുരം വളയം സ്വദേശി തട്ടിന്റെപൊയിൽ ശ്രീനാഥ്(35) ആണ് പിടിയിലായത്. നാദാപുരം, പാറക്കടവ്, വളയം മേഖലകളിൽ ഇയാൾ അനധികൃതമായി മദ്യം എത്തിച്ചിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാളിൽ നിന്ന് 39 ലിറ്റർ മദ്യവും പതിവായി മദ്യം കടത്താൻ ഉപയോഗിച്ചിരുന്ന ഓട്ടോയും പിടിച്ചെടുത്തിട്ടുണ്ട്.

ഇന്ന് രാവിലെ ചൊക്ലിയിൽ നടത്തിയ പരിശോധനയിലാണ് ശ്രീനാഥ് പിടിയിലാകുന്നത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മാഹി, പള്ളൂർ പ്രദേശങ്ങളിൽ എക്സൈസ് സംഘം പരിശോധന ശക്തമാക്കിയിരുന്നു. ഈ സമയം സംശയാസ്‌പദമായ സാഹചര്യത്തിൽ കെഎൽ 18 ക്യൂ 6490 * നമ്പറിൽ അല്ലൂസ് എന്ന പേരിലുള്ള ഓട്ടോറിക്ഷ ഇതുവഴി വരികയും തുടർന്ന് ഉദ്യോഗസ്ഥർ തടഞ്ഞ് പരിശോധിക്കുകയുമായിരുന്നു. അസി. എക്സൈസ് ഇൻസ്പെക്ടർമാരായ പി പ്രമോദ്, യു ഷാജി, സുകേഷ് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ പി ഷാജി, വി എൻ സതീഷ് തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.

Previous Post Next Post