കോട്ടയം :- 6800 പേർ ചേർന്ന് ബൈബിൾ പകർത്തി എഴുതി ചരിത്രത്തിന്റെ ഭാഗമാകാൻ സൺഡേ സ്കൂൾ വിദ്യാർത്ഥികളും, അധ്യാപകരും. മലങ്കര ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനത്തിൻ്റെ ശതോത്തര സുവർണ്ണ ജൂബിലിയുടെ ഭാഗമായി ഭദ്രാസന സണ്ടേസ്കൂൾ പ്രസ്ഥാനത്തിന്റെ അഭിമുഖ്യത്തിൽ സൺ ഡേയ് സ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും രക്ഷകർത്താക്കളും ചേർന്നാണ് വിശുദ്ധ വേദപുസ്തകം ഒന്നിച്ച് പകർത്തി എഴുതുന്നത്.
ഭദ്രാസന മെത്രാപ്പോലിത്ത ഡോ. യൂഹാനോൻമാർ ദിയസ്കോറസ്, വൈദികർ, ഭാരവാഹികൾ അടക്കം 6800 വിശ്വാസികളാണ് 40 ദിവസത്തെ ആത്മിയ ഒരുക്കത്തിനു ശേഷം ഞായറാഴ്ച വി.കുർബ്ബാനക്കു ശേഷം ഒരേ സമയം വേദപുസ്തകം കൈയെഴുത്തായി എഴുതുന്നത്. ലോകത്ത് തന്നെ ഇത്രയും പേർ ഒരുമിച്ച് ബൈബിൾ പകർത്തിയെഴുതുന്നത് ആദ്യ സംഭവമാണ്. 80 ദേവാലയങ്ങളിലെ വിശ്വാസികൾ വൈദികരുടെ നേതൃത്വത്തിൽ ദേവാലയങ്ങളിൽ എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായി.
പാമ്പാടി മേഖലയിലെ പങ്ങട സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് വചനമെഴുത്തിന്റെ ഉത്ഘാടനം നിർവ്വഹിക്കും. ബൈബിൾ പകർത്തിയെഴുതുന്ന പദ്ധതിയിൽ പങ്കാളികളാകുന്നവർക്ക് എഴുതേണ്ട വേദ ഭാഗങ്ങൾ നിശ്ചയിച്ചു നൽകിയിട്ടുണ്ട്. ഒരേതരം പേപ്പറിൽ, ഒരേ തരം പേന കൊണ്ട് ആണ് ബൈബിൾ പകർത്തി എഴുതുക. വചനമെഴുത്തിനുപയോഗിക്കുന്ന പേപ്പറും പേനയും ശനിയാഴ്ച വൈകുന്നേരത്തോടെ 80 പള്ളികളിലും എത്തിക്കും. പൂർത്തീകരിക്കുന്ന വേദപുസ്തകം മെത്രാസന കേന്ദ്രമായ പരിശുദ്ധ പാമ്പാടി തിരുമേനിയുടെ കബറിടം സ്ഥിതി ചെയ്യുന്നമാർ കുറിയാക്കോസ് ദയറായിൽ ശതോത്തര സുവർണ്ണ ജൂബിലിയുടെ ഓർമ്മക്കായി സൂക്ഷിക്കും.