ദില്ലി :- ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. സെപ്റ്റംബർ 9നാണ് വോട്ടെടുപ്പ് നടക്കുക. അന്ന് തന്നെ ഫലം പ്രഖ്യാപിക്കും. രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് 5 മണിവരെയാണ് തെരഞ്ഞെടുപ്പ്. അടുത്ത വ്യാഴാഴ്ച വിജ്ഞാപനം നിലവില്‍ വരും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 21 ആണ്. 22ന് സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇരുപത്തിയഞ്ചാണ്.
ജഗദീപ് ധന്‍കറിന്‍റെ നാടകീയ രാജിക്ക് പിന്നാലെയാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു രാജി വെച്ചത്. മെഡിക്കൽ ഉപദേശങ്ങൾ കൂടി കണക്കിലെടുത്താണ് രാജിവെക്കുന്നത് എന്നും അഭിമാനത്തോടെയാണ് പടിയിറങ്ങുന്നത് എന്നും രാജിക്കത്ത് സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ, കാരണം വ്യക്തമാക്കാതെയുള്ള രാജിക്കു പിന്നാലെ പാർലമെന്റിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധം നടത്തിവന്നിരുന്നു.