മുണ്ടേരി :- മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന്റെ സമഗ്രവികസനത്തിനായി നടപ്പിലാക്കിയ 'മുദ്ര' എന്ന മാതൃകാപരമായ പദ്ധതി കേരളത്തിലെ മറ്റ് വിദ്യാലയങ്ങൾക്കും ഒരു വഴികാട്ടിയാകുമെന്ന് പൊതുവിദ്യാഭ്യാസം, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. 'മുദ്ര' പദ്ധതിയിലെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മൂന്നുനില കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
2017ൽ മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളും സമീപത്തെ 14 വിദ്യാലയങ്ങളും ചേർത്ത് 'മുദ്ര' വിദ്യാഭ്യാസ പദ്ധതി'ക്ക് തുടക്കമിട്ടത് കെ.കെ. രാഗേഷ് എം.പി. ആയിരുന്നപ്പോഴാണ്. 55 കോടിയിലധികം രൂപയുടെ ധനസഹായത്തോടെ, അന്നുമുതൽ ഇന്നുവരെ, ഈ വിദ്യാലയങ്ങളുടെ വികസനത്തിനായി ഒട്ടേറെ പേർ അഹോരാത്രം പ്രയത്‌നിച്ചതായി മന്ത്രി പറഞ്ഞു. നമ്മുടെ കുട്ടികൾക്ക് ആധുനിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി മുന്നോട്ട് പോയത്. ഇവിടെ ഇന്ന് നാം കാണുന്ന ഈ പുതിയ കെട്ടിടം വെറും ഇഷ്ടികയും സിമന്റും കൊണ്ട് നിർമ്മിച്ച ഒരു കെട്ടിടമല്ല, മറിച്ച് നമ്മുടെ കുട്ടികളുടെ ഭാവിയിലേക്കുള്ള ജാലകമാണ്. ശാസ്ത്രം, റോബോട്ടിക്‌സ്, ഡിജിറ്റൽ ക്ലാസുകൾ, സിവിൽ സർവീസ് പരിശീലനം തുടങ്ങി പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കാർബൺ ന്യൂട്രൽ ക്യാമ്പസ് എന്ന ആശയം പോലും ഇവിടെ യാഥാർഥ്യമായിരിക്കുന്നു. ആധുനിക ലാബും ലൈബ്രറിയും സ്റ്റേഡിയവും ഓഡിറ്റോറിയവും വീഡിയോ കോൺഫറൻസ് ഹാളുമെല്ലാം നമ്മുടെ കുട്ടികൾക്ക് ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകാൻ സഹായിക്കും.
പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറണം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പോലും ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭിക്കണം. അതാണ് നമ്മുടെ സർക്കാരിന്റെ ലക്ഷ്യം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ഒരു നാഴികക്കല്ലാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് സർക്കാരിനൊപ്പം പൊതുസമൂഹവും ജനപ്രതിനിധികളും ചേർന്ന് പൊതുവിദ്യാഭ്യാസ മേഖലയെ ഒരു പുതിയ തലത്തിലേക്ക് ഉയർത്തിയെടുക്കാൻ കൂട്ടായ പ്രവർത്തനമാണ് നടത്തിയത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മുണ്ടേരിസ്‌കൂളിലെ ആധുനിക സൗകര്യങ്ങളുള്ള കിഫ്ബി കെട്ടിട സമുച്ചയമെന്ന് മന്ത്രി പറഞ്ഞു.
വിദ്യാലങ്ങളിൽ എത്തുന്ന ഓരോ കുട്ടിയേയും സ്വന്തം മക്കളായി കണ്ട് അവരുടെ ആവശ്യങ്ങൾ പരിഗണിക്കാൻ അധ്യാപകർ തയ്യാറാകണമെന്ന് മന്ത്രി പറഞ്ഞു. കുടുംബ പ്രശ്‌നങ്ങളിൽ പെട്ട് ശാരീരിക മാനസികമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വിദ്യാർഥികൾ നമ്മുടെ സ്‌കൂളുകളിലുണ്ട്. അവരുടെയൊക്കെ പ്രശ്‌നങ്ങൾ കേൾക്കാനും പരിഹരിക്കാനും എല്ലാ സ്‌കൂളുകളിലും പരാതിപ്പെട്ടി പ്രധാനധ്യാപകരുടെയോ പ്രിൻസിപ്പലിന്റെയോ മുറിക്കു മുന്നിൽ സ്ഥാപിക്കണം. ആഴ്ചയിലൊരിക്കൽ പാട്ടി പരിശോധിച്ചു പരാതികൾ ഉണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ഇതിന് പരിഹാരം ഉണ്ടാക്കുകയും ചെയ്യണം. രണ്ടാനച്ഛന്റെയും രണ്ടാനമ്മയുടെയും കൂടെ കഴിയുന്ന കുട്ടികൾ ശാരീരികമായി മാനസികമായും പീഡനത്തിനിരയാകുന്ന നിരവധി സംഭവങ്ങൾ അടുത്തകാലത്ത് പുറത്തുവന്നു. ഇത്തരം കുട്ടികളെ സർക്കാരിന്റെ മക്കളായി കണ്ട് ആ നിലയുള്ള സംരക്ഷണം നൽകുമെന്നും മന്ത്രി പറഞ്ഞു.
മുദ്ര വിദ്യാലയ ക്ലസ്റ്റർ വികസന പരിപാടിക്കായി സിഎസ്ആർ ഫണ്ടുകൾ, എം.പി ഫണ്ടുകൾ, എംഎൽഎ ഫണ്ടുകൾ, തദ്ദേശസ്വയംഭരണ സ്ഥാപന ഫണ്ടുകൾ, സംസ്ഥാന സർക്കാറിന്റെ പ്ലാൻ ഫണ്ടുകൾ, മറ്റ് ഇതര ഫണ്ടുകൾ, എന്നിവ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. കിഫ്ബി ഫണ്ടായ 3.30 കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച കെട്ടിട സമുച്ചയത്തിൽ 12 ക്ലാസ് മുറികൾ, 20 ടോയ്‌ലറ്റുകൾ, സ്റ്റേജ്, രണ്ട് ഗ്രീൻ റൂമുകൾ, വിശാലമായ ഹാൻഡ് വാഷ് ഏരിയ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. മ്യൂസിയം, രജിസ്‌ട്രേഷൻ, പുരാരേഖ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു.
മുദ്ര വിദ്യാഭ്യാസ സമിതി ചെയർമാൻ മുൻ എംപി കെ കെ രാഗേഷ് സന്നിഹിതനായി. മുദ്ര ജനറൽ കൺവീനർ പി പി ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ അനീഷ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ വി കെ സുരേഷ് ബാബു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ പങ്കജാക്ഷൻ, ഗ്രാമപഞ്ചായത്ത് അംഗം പി അഷ്‌റഫ്, ഡിഡിഇ ഡി ഷൈനി, എസ് എസ് കെ പ്രോജക്ട് ഓഫീസർ ഇ.സി വിനോദ്, വിദ്യാകിരണം കോ ഓർഡിനേറ്റർ കെ സി സുധീർ, സ്‌കൂൾ പ്രിൻസിപ്പൽ എം മനോജ് കുമാർ, എച്ച് എം പി കെ റംലത്ത് ബീവി, പിടി എ പ്രസിഡന്റ് സി പി അഷ്‌റഫ് എച്ച്എംസി ചെയർമാൻ പി സി ആസിഫ് എന്നിവർ സംസാരിച്ചു.