തൃശൂർ :- അംഗീകാരത്തിനും അവാർഡിനും അനുമോദനങ്ങൾക്കും കാത്തു നിൽക്കാതെ ജെസ്ന യാത്രയായി. കൊടുങ്ങല്ലൂർ നഗരസഭയിലെ മികച്ച വനിത കർഷക അവാർഡ് ജേതാവായ ജസ്നക്ക് പക്ഷേ അവാർഡ് സ്വീകരിക്കാനുള്ള ഭാഗ്യമുണ്ടായില്ല. വിധി അണലിയുടെ രൂപത്തിൽ ജീവൻ കവരുകയായിരുന്നു. അവാർഡ് ദാനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ജെസ്നയുടെ വിയോഗം. അണലിയുടെ കടിയേറ്റാണ് ഇവർ മരിച്ചത്. ലോകമലേശ്വരം വെസ്റ്റ് കൊടുങ്ങല്ലൂർ പൊടിയൻ ബസാറിൽ കൊല്ലിയിൽ നിയാസിന്റെ ഭാര്യയും വട്ടപറമ്പിൽ പരേതനായ അബുവിൻ്റെ മകളാണ് ജസ്ന.
വീടിന്റെ ചുറ്റുപാടും വിവിധ കൃഷികൾ ചെയ്തിരുന്നു. കോഴികളെയും വളർത്തിയിരുന്നു. ഇത്തവണ മട്ടുപ്പാവിൽ ചെണ്ടുമല്ലിയും കൃഷി ചെയ്തിരുന്നു. ഏതാനും ദിവസം മുമ്പാണ് ഫീൽഡ് പരിശോധനകൾക്ക് ശേഷം കൃഷിഭവൻ അധികൃതർ ജസ്നയെ മികച്ച വനിത കർഷകയായി തെരഞ്ഞെടുത്തത്. 17ന് അവാർഡ് സമ്മാനിക്കാനും തീരുമാനിച്ചു. വിവരം കൈമാറും മുമ്പേ അവർ പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലേക്ക് മാറിയിരുന്നു.
കഴിഞ്ഞ ഞായറാഴ്ച രാവിലെ കോഴികൾക്ക് തീറ്റ നൽകാനെത്തിയപ്പോഴാണ് ജസ്നയെ പാമ്പുകടിച്ചത്. എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. അമ്മയുടെ കാർഷികാഭിരുചിയിൽ ആകൃഷ്ടയായ മൂന്നു മക്കളിൽ ഒരാളായ ജന്നയെ മൂന്നു വർഷം മുമ്പ് നഗരസഭയിലെ മികച്ച വിദ്യാർഥി കർഷകയായി തെരഞ്ഞെടുത്തിരുന്നു. കൃഷി പരിചരണത്തിനും വീട്ടുജോലിക്കും ഇടയിൽ കൊടുങ്ങല്ലൂരിൽ നാസ് കളക്ഷൻസ് എന്ന സ്ഥാപനം നടത്തുന്ന ഭർത്താവിനെ ബിസിനസിൽ സഹായിക്കാനും സമയം കണ്ടെത്തിയിരുന്നു .