ആയുർവേദ ചികിത്സാ രംഗത്ത് കേരളം രാജ്യത്തിന് മാതൃക - ആരോഗ്യമന്ത്രി വീണാ ജോർജ്


കണ്ണൂർ :- ആയുർവേദ ചികിത്സാ രംഗത്ത് ഗുണമേന്മ ഉറപ്പുവരുത്താൻ സംസ്ഥാനം നടത്തുന്ന പ്രവർത്തനങ്ങൾ രാജ്യത്തിന് മാതൃകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. പരിയാരത്തെ കണ്ണൂർ ഗവ. ആയുർവേദ കോളേജിലെ ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിന്റെയും ഓപ്പൺ എയർ സ്റ്റേജിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആയുർവേദ ചികിത്സാരംഗത്ത് അക്രഡിറ്റേഷൻ സമ്പ്രദായം കൊണ്ടുവന്ന് 250ഓളം എൻഎബിഎച്ച് അക്രഡിറ്റഡ് ആയുഷ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന രാജ്യത്തെ ഏക സംസ്ഥാനമായി മാറാൻ കേരളത്തിന് കഴിഞ്ഞു. സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ കല്യാട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ പ്രവൃത്തി ജില്ലയിൽ പുരോഗമിക്കുകയാണ്. 

ആയുർവേദ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ആയുർവേദ മേഖലയ്ക്ക് പ്രത്യേക പരിഗണന നൽകിയാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. പുതിയ ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിന്റെ ഒന്നാം നിലയിലും രണ്ടാം നിലയിലും 19 മുറികൾ വീതവും ഇരുനിലകളിലും പഠന ഹാളും ഇരുവശത്തായി ടോയ്‌ലറ്റ് ബ്ലോക്കുകളുമുണ്ട്. 771 ച.മീറ്റർ വിസ്തൃതിയിലാണ് പ്രവൃത്തി പൂർത്തീകരിച്ചിട്ടുള്ളത്. ഇതിനായി നാല് കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. കണ്ണൂരിന്റെ തനിമ എടുത്തു കാണിക്കുന്ന നിലയിൽ പത്തുലക്ഷം രൂപ ചെലവിലാണ് ഓപ്പൺ എയർ സ്റ്റേജിന്റെ പണി പൂർത്തീകരിച്ചത്. 

എം വിജിൻ എം എൽ എ അധ്യക്ഷനായി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം കൃഷ്ണൻ, കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി സുലജ, ജില്ലാപഞ്ചായത്ത് അംഗം തമ്പാൻ മാസ്റ്റർ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം സി.ഐ വത്സല ടീച്ചർ, കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമപഞ്ചായത്ത് അംഗം വി.എ കോമളവല്ലി, കെസിസിപിഎൽ ചെയർമാൻ ടി.വി രാജേഷ്, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. ടി.ഡി ശ്രീകുമാർ, ഗവ. ആയുർവേദ കോളജ് പ്രിൻസിപ്പൽ ഡോ. പി.ആർ ഇന്ദുകല, ഔഷധി ബോർഡ് അംഗം കെ പത്മനാഭൻ, തലശ്ശേരി പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സി. എഞ്ചിനീയർ ഷാജി തയ്യിൽ, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ.സി അജിത് കുമാർ, ആയുർവേദ കോളേജ് സൂപ്രണ്ട് ഡോ. വി.കെ.വി ബാലകൃഷ്ണൻ, പി ടി എ പ്രസിഡന്റ് സുലൈമാൻ, ലേഡീസ് ഹോസ്റ്റൽ ഡെപ്യൂട്ടി വാർഡൻ ഡോ. എം.പി ശ്രീലേഖ, എച്ച്. ഡി. എസ് അംഗങ്ങളായ പി.പി ദാമോദരൻ, കെ.പി ജനാർദനൻ, കെ.വി ബാബു, ടി രാജൻ, പി.പി സന്തോഷ്, കെ ഗോപാലൻ, വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.


Previous Post Next Post