പ്രതീക്ഷ മങ്ങി ; കടലിൽ ചാകരയില്ല, വലയിൽ കുടുങ്ങുന്നത് പരൽമീനുകൾ മാത്രം, ആശങ്കയിലായി മത്സ്യത്തൊഴിലാളികൾ


കണ്ണൂർ :- പരൽമീൻ നീന്തുന്ന കടലിൽ പോയി ഉള്ളതിനെ വലയിലാക്കിപ്പോരേണ്ട ഗതികേടിലാണ് പരമ്പരാഗത മീൻപിടിത്തക്കാർ. ചാകരയില്ലെങ്കിലും നിത്യച്ചെലവിനുള്ള മീൻ പോലും കിട്ടാതെ മീൻപിടിത്തക്കാർ കടലിൽ നിന്നു മടങ്ങുന്നു. ട്രോളിങ് നിരോധനം കഴിഞ്ഞു കടലിൽ പോകുമ്പോൾ മത്തിച്ചാകരയും ചെമ്മീൻ ചാകരയും പ്രതീക്ഷിച്ചവരുടെ വലയിൽ കുടുങ്ങുന്നത് ചരു പോലെയുള്ള പരൽമീനുകൾ മാത്രം.

ട്രോളിങ് നിരോധനത്തിനു ശേഷം കടലിൽപോകുമ്പോൾ ഏറെ പ്രതീക്ഷയാണുണ്ടായിരുന്നത്. ഈ സമയത്ത് മത്തിയാണു സാധാരണ കൂടുതൽ കിട്ടാറുള്ളത്. എന്നാൽ മത്തിയെന്നല്ല വിലയുള്ള ഒരു മീനും ഇല്ലെന്നാണ് കടലിൽപോയവർ പറയുന്നത്. പ്രജനനകാലം പിന്നിടുന്നതോടെ വലനിറയെ മീൻ കിട്ടുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ചെറുബോട്ടുകൾക്കൊന്നും കാ ര്യമായി ഒന്നും ലഭിക്കുന്നില്ല. കൊണ്ടുവരുന്ന ചരുവിനു വില യുമില്ല. 15 കിലോഗ്രാം വരുന്ന കുട്ടയ്ക്ക് 700 രൂപയിൽ കൂടുതൽ കച്ചവടക്കാർ വിലയിടുന്നുമില്ല.

ചരു കൊണ്ടുപോയാൽ ആവശ്യക്കാരുണ്ടാകില്ലെന്നാണ് ചെറുകിട കച്ചവടക്കാർ പറയുന്നത്. വിക്കു വളമുണ്ടാക്കുന്ന കമ്പനികളാണ് അധികവും വാങ്ങുന്നത്. ചെറുബോട്ടുകൾക്കു മീൻ ലഭിക്കാത്തതിനാൽ വിപണിയിലെത്തുന്നത് ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവയാണ്. അതുകൊണ്ടുതന്നെ മത്തി, അയല, ചെമ്മീൻ എന്നിവയ്ക്കെല്ലാം ഇപ്പോഴും ഉയർന്ന വിലയാണ് .വരുംദിവസങ്ങളിലെങ്കിലും കടലമ്മ കനിയുമെന്നാണ് മീൻപിടിത്തക്കാരുടെ പ്രതീക്ഷ.

Previous Post Next Post