തിരുവനന്തപുരം :- റോഡിലെ തിരക്കനുസരിച്ച് ട്രാഫിക് സിഗ്നൽ ലൈറ്റുകളുടെ സമയം ക്രമീകരിക്കുന്ന "കൗണ്ട് ആൻഡ് ക്ലാസിഫിക്കേഷൻ' എഐ സാങ്കേതികവിദ്യയുമായി കെൽട്രോൺ. ഒരു ജംക്ഷനിൽ സ്‌ഥാപിക്കാൻ പരമാവധി 5 ലക്ഷം രൂപ ചെലവു വരും. പദ്ധതി നിർദേശം ഗതാഗത വകുപ്പിനു കൈമാറി. തിരക്കേറിയ റോഡിലെ വാഹനങ്ങൾക്കു കൂടുതൽ സമയം പച്ച സിഗ്നൽ ലഭിക്കുമെന്നതാണ് മെച്ചം. പല ജംക്‌ഷനുകളിലും തിരക്കു കൂടുന്നതോടെ ട്രാഫിക് സിഗ്‌നൽ ഓഫ് ചെയ്‌തു പൊലീസുകാർ റോഡിലിറങ്ങി ഗതാഗതം നിയന്ത്രിക്കുന്ന രീതി ഇതോടെ ഒഴിവാകും.
ജംക്‌ഷനിൽ സ്‌ഥാപിക്കുന്ന എഐ സംവിധാനത്തിലെ ക്യാമറ ചുറ്റുമുള്ള മുഴുവൻ റോഡിലെയും വാഹനങ്ങളുടെ ദൃശ്യം പകർത്തി എണ്ണം ട്രാഫിക് കൺട്രോൾ റൂമിലേക്കു കൈമാറും. തിരക്കു കൂടുതലുള്ള റോഡിലെ വാഹനങ്ങൾക്കു കടന്നുപോകാൻ കൂടുതൽ സമയം പച്ച സിഗ്‌നൽ ലഭിക്കും. ഇതുവഴി ജംക്ഷനുകളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനാകുന്ന പരീക്ഷണം വിജയിച്ചതോടെയാണു പദ്ധതി നിർദേശം സമർപ്പിച്ചത്.
നാഗ്‌പൂരിൽ 174 ജംക്ഷനുകളിൽ ഗതാഗത സംവിധാനം മെച്ചപ്പെടുത്താൻ കെൽട്രോണിനു ലഭിച്ച 170 കോടിയുടെ പദ്ധതിയിലെ പ്രധാന ഘടകങ്ങളിലൊന്ന് ഈ സംവിധാനമാണ്. നല്ല സൂര്യപ്രകാശമുള്ളപ്പോൾ ഡ്രൈവറുടെ മുഖം വ്യക്തമാക്കാത്തതിനു പരിഹാരമായി നിരീക്ഷണ ക്യാമറയിൽ 'ആന്റി ഗ്ലെയർ ഫിൽറ്റർ' ഉപയോഗപ്പെടുത്താനുള്ള പദ്ധതി നിർദേശം പൊലീസ് മേധാവിക്കും നൽകിയിട്ടുണ്ട്.