കണ്ണൂർ :- റെയിൽവേ വിതരണം ചെയ്യുന്ന ആഹാരത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്താൻ അടുക്കളയുൾപ്പെടെ നിരീക്ഷിക്കും. തീവണ്ടിയിലെ ഭക്ഷണവിതരണവും പരിശോധിക്കും. ഇതിനായി 1695 ഹോട്ടൽ മാനേജ്‌മെൻ്റ് ബിരുദധാരികളെ ചുമതലപ്പെടുത്തി. ഇവർ ഭക്ഷണം തയ്യാറാക്കുന്ന ബേസ് കിച്ചണുകളും പാൻട്രിയും നിരീക്ഷിക്കും. തീവണ്ടികളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിൻ്റെ ഗുണനിലവാരത്തെയും ശുചിത്വത്തെയും കുറിച്ച് പരാതികൾ കൂടുന്ന സാഹചര്യത്തിലാണ് ഈ നടപടി. അടുക്കളയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയാണ് 819 പേരുടെ ചുമതല. ഓൺ-ബോർഡ് കാ റ്ററിങ് സേവനങ്ങൾ നിരീക്ഷിക്കാൻ 876 പേരെയും വിന്യസിച്ചു. കരാറടിസ്ഥാനത്തിൽ രണ്ടു വർഷത്തേക്കാണ് നിയമനം. കേരളം ഉൾക്കൊള്ളുന്ന ദക്ഷിണ റെയിൽവേയിൽ 48 പേരെ നിയമിച്ചിട്ടുണ്ട്.
ഇന്ത്യയിലെ പ്രധാനപ്പെട്ട സ്റ്റാറ്റിക് കാറ്ററിങ് യൂണിറ്റുകളും മൊബൈൽ യൂണിറ്റുകളും ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനുമായി (ഐആർസിടിസി) ബന്ധപ്പെട്ടതാണ്. റെയിൽവേ ശൃംഖലയിൽ പ്രതിദിനം 16.5 ലക്ഷം പേർ ഭക്ഷണം കഴിക്കുന്നതായാണ് ഐആർസിടിസി കണക്ക്. 2024-25 ൽ ലഭിച്ച പരാതികളിൽ 13.20 കോടി രൂപയാണ് കരാറുകാരിൽ നിന്ന് പിഴ ചുമത്തിയത്.
കേരളത്തിൽ ഓടുന്ന രണ്ടു ജോഡി അടക്കം ദക്ഷിണേന്ത്യയിലെ ആറു ജോഡി വന്ദേഭാരതുകളിൽ 10 മാസത്തിനിടെ (2024 ജൂലായ് മുതൽ 2025 മേയ് 31) 1073 പരാതികൾ ലഭിച്ചു. കരാർ ഏജൻസിയുള്ള ബൃന്ദാവൻ ഫുഡ് പ്രോഡക്ട്‌സിനെതിരേയായിരുന്നു ഗുണനിലവാരം കുറഞ്ഞ ഭക്ഷണം ചെയ്തതിനുള്ള പരാതികൾ. സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ നിർദേശിച്ച് ഈ കാലയളവിൽ സേവനദാതാവിന് 1.26 കോടി രൂപ പിഴയിട്ടു.