ഇരിട്ടി :- ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഓണത്തിന് നാട്ടിലെത്താൻ കൊതിക്കുന്ന മലയാളികളുടെ പോക്കറ്റടിച്ച് ടൂറിസ്റ്റ് ബസുകൾ. ഓൺലൈൻ സൈറ്റുകളിൽ ടിക്കറ്റിന് കൃത്രിമ തിരക്ക് സൃഷ്ടിച്ച് തോന്നും പോലെ പണം വാങ്ങുകയാണ് ഏജൻസികൾ. ബെംഗളൂരുവിൽ നിന്ന് കണ്ണൂരിൽ എത്താൻ ടൂറിസ്റ്റ് ബസുകൾ സാധാരണ ഈടാക്കുന്നത് ഓർഡിനറി ബസിന് 800 രൂപയും നോൺ എസി സ്ലീപ്പറിന് 900 രൂപയും എസി സ്ലീപ്പറിന് 1000 രൂപയുമാണ്. എന്നാൽ ഓണം സീസൺ ആരംഭിച്ചതോടെ എല്ലാ ടൂറിസ്റ്റ് ബസ് കമ്പനികളുടെയും ഓൺലൈൻ സൈറ്റിലെ ടിക്കറ്റ് നിരക്ക് യഥാക്രമം 1600, 2000, 2600 രൂപയിലേക്ക് ഉയർന്നു.
കുറച്ച് കാലമായി ഓണം ഉൾപ്പെടെയുള്ള ആഘോഷ വേളകളിൽ സ്വകാര്യ ടൂറിസ്റ്റ് ബസുകൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടുകയാണ്. അധിക വില കൊടുത്ത് സൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്താലും തീരുന്നില്ല ദുരിതം. ബുക്ക് ചെയ്ത ടിക്കറ്റ് കാൻസൽ ചെയ്യേണ്ട സാഹചര്യം ഉണ്ടായാൽ റീഫണ്ട് കിട്ടാത്ത മറ്റൊരു ചതികൂടിയുണ്ട്. അടിയന്തര സാഹചര്യത്തിൽ യാത്ര മാറ്റിവെക്കേണ്ടിവന്നാൽ പണം മുഴുവൻ നഷ്ടമാകും. ഓൺലൈൻ ബുക്കിങ് നിലവിൽ വരുന്നതിന് മുൻപ് സ്പെഷ്യൽ ബസുകൾ പെർമിറ്റ് എടുത്ത് സർവീസ് നടത്തിയിരുന്നപ്പോൾ ഇവർ കൂടുതൽ നിരക്ക് വാങ്ങിയിരുന്നു. അന്ന് സർക്കാരിന് പെർമിറ്റ് പണം അടച്ചായിരുന്നു സർവീസ് നടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ നിലവിലുള്ള പെർമിറ്റുകളിൽ തന്നെ വില ഉയർത്തി പണം കൊള്ളയടിക്കുകയാണ്.