ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചില്‍ ട്യൂബ് കുടുങ്ങി ; ഡോക്ടർക്കെതിരെ പരാതി


തിരുവനന്തപുരം :- ശസ്ത്രക്രിയയ്ക്കിടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവത്തില്‍ ഡോക്ടർക്കെതിരെ പൊലീസിൽ പരാതി നൽകി യുവതിയുടെ കുടുംബം. ശസ്ത്രക്രിയ നടത്തിയ ഡോക്ടർ രാജീവ്‌ കുമാറിന് എതിരെയാണ് പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് കന്‍റോണ്‍മെന്‍റ് പൊലീസ് ഇന്ന് സുമയ്യയുടെ മൊഴി എടുക്കും. ഡോക്ടറുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. സുമയ്യയുടെ നെഞ്ചില്‍ ഗെയ്ഡ് വയർ കിടക്കുന്നതു കൊണ്ട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നായിരുന്നു ഇന്നലെ ആരോഗ്യ വകുപ്പിന്‍റെ വിശദീകരണം. ഇതില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

2023 മാർച്ച് 22 നാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സുമയ്യ ചികിത്സ തേടിയത്. തൈറോയ്ഡ് ഗ്രന്ഥി എടുത്തു കളയുന്ന ശസ്ത്രക്രിയ നടത്തിയത് ഡോ.രാജിവ് കുമാറാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം ഞരമ്പ് കിട്ടാതെ വന്നപ്പോൾ രക്തവും മരുന്നുകളും നൽകാനായി സെൻട്രൽ ലൈനിട്ടു. ഇതിന്റെ ഗൈഡ് വയറാണ് നെഞ്ചിൽ കുടുങ്ങി കിടക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഇത് തിരികെ എടുക്കാത്തതാണ് ദുരിതത്തിലാക്കിയത് എന്നാണ് പരാതി. തുടർന്നു ശ്രീ ചിത്ര ആശുപത്രിയിലടക്കം സുമയ്യ ചികിത്സ തേടി. പിന്നീടാണ് എക്സ്റേ പരിശോധനയിൽ ട്യൂബ് ധമനികളോട് ഒട്ടിപ്പോയതായി കണ്ടെത്തിയത്. ഇനി ശസ്ത്രക്രിയ നടത്തി ട്യൂബ് പുറത്തെടുക്കാനാകില്ലെന്നാണ് വിദഗ്ധ ഡോക്ടർമാർ അറിയിച്ചത്. ഗുരുത പിഴവ് ഉണ്ടായതിൽ നീതി വേണമെന്നും വിദഗ്ധ ചികിത്സ നൽകണമെന്നുമാണ് സുമയ്യ ആവശ്യപ്പെടുന്നത്.

Previous Post Next Post