ഭരണഘടനാ സാക്ഷരത: ജില്ലയിലെ ആദ്യ പഞ്ചായത്തായി കുറുമാത്തൂർ

 


കണ്ണൂർ:-ഭരണഘടനാ സാക്ഷരത നേടിയ ജില്ലയിലെ ആദ്യ പഞ്ചായത്തെന്ന നേട്ടം കൈവരിച്ച് കുറുമാത്തൂർ. കുറുമാത്തൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്  പ്രഖ്യാപനം നടത്തി. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ കുറിച്ച് അറിവുള്ളവരാക്കുക, ഭരണഘടന മൂല്യങ്ങൾ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുന്നതിന് ഓരോ വ്യക്തിയെയും സജ്ജരാക്കുക, ഉത്തരവാദിത്ത ബോധമുള്ള പൗരന്മാരെ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ 2024 ലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് യജ്ഞം ആരംഭിച്ചത്.  

പഞ്ചായത്തിലെ എല്ലാ വീടുകളിലും ഭരണഘടനയുടെ ആമുഖം അച്ചടിച്ച കലണ്ടർ ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. കിലയുടെ അക്കാദമിക് പിന്തുണയോടെ ഭരണഘടനയുടെ ഏറ്റവും പ്രധാന ഭാഗങ്ങൾ അഞ്ച് സെഷനുകളാക്കി 10 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് ക്ലാസുകൾ നൽകി. കൂടാതെ ക്ലാസിലെത്താത്തവരുടെ വീട്ടിലെത്തി ആമുഖം വായിച്ച് അവതരിപ്പിച്ച് പദ്ധതി പൂർത്തിയാക്കി. കില നേരിട്ട് പരിശീലനം നൽകിയ പഞ്ചായത്തിലെ 55 ഓളം സെനറ്റർമാരാണ് മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകൾ നൽകിയത്.  

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: കെ.കെ രത്നകുമാരി സെനറ്റർമാരെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.എം. സീന അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പാച്ചേനി രാജീവൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി ലക്ഷ്മണൻ, ടി.പി പ്രസന്ന ടീച്ചർ, സി അനിത,  ആസൂത്രണം സമിതി ഉപാധ്യക്ഷൻ ടി. മോഹനൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഐ.വി നാരായണൻ, എൻ.റീജ, ഷിബിൻ കാനായി, പി.കെ കുഞ്ഞിരാമൻ,  കെ കൃഷ്ണൻ, അഡ്വ. മുജീബ് റഹ്‌മാൻ എന്നിവർ  സംസാരിച്ചു.
Previous Post Next Post