പ്രവാസികൾക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്ക് വർധന ; മൂന്ന് ഇരട്ടിയിലേറെ കൂടി


മട്ടന്നൂർ :- ഓണാവധിക്കു നാട്ടിലേക്കു വരാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കു തിരിച്ചടിയായി ടിക്കറ്റ് നിരക്ക് വർധന. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ടിക്കറ്റ് നിരക്ക് വർധന മൂന്നിരട്ടിയിലേറെ. ഓണം, വിഷു, ഈസ്റ്റ‌ർ, പെരുന്നാൾ, ക്രിസ്മസ്, പുതുവർഷം തുടങ്ങിയ വിശേഷ അവസരങ്ങളിൽ എയർ ലൈനുകൾ നേരത്തെതന്നെ ഓൺലൈനിൽ ടിക്കറ്റ് നിരക്ക് ഉയർത്താറുണ്ട്. മാസങ്ങൾക്കു മുൻപേ ടിക്കറ്റ് എടുത്താലും വൻതുക നൽകേണ്ട സ്‌ഥിതിയാണ്.

അവസാന നിമിഷം ടിക്കറ്റ് ബുക്ക് ചെയ്താൽ നാലും അഞ്ചും ഇരട്ടി തുക നൽകണം. സാധാരണ 8,000 മുതൽ 15,000 വരെ ടിക്കറ്റ് നിരക്ക് ഉണ്ടായിരുന്ന റൂട്ടുകളിൽ 20,000 മുതൽ 40,000 വരെയാണു ടിക്കറ്റ് നിരക്ക്. സെപ്റ്റംബർ 4 വരെ ഗൾഫ് രാജ്യങ്ങളിൽ നിന്നു കണ്ണൂരിലേക്കും സെപ്റ്റംബർ 6 മുതൽ 10 വരെ തിരിച്ചുമാണ് ഉയർന്ന നിരക്ക്. സംസ്‌ഥാനത്തെ മറ്റു വിമാനത്താവളങ്ങൾ അപേക്ഷിച്ച് കണ്ണൂരിൽ സർവീസ് കുറവായതിനാൽ യാത്രാനിരക്ക് കൂടുതലാണ്.

Previous Post Next Post