പത്തനംതിട്ട :- ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തന്നെയാണ് രാജിവെച്ച കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സംസ്ഥാന നേതാക്കൾ കൈവിട്ടതോടെയാണ് രാജിയിലേക്കെത്തിയത്. വിഡി സതീശനും രമേശ് ചെന്നിത്തലയുമുൾപ്പെടെ രാഹുലിനെ തള്ളിയാണ് രംഗത്തെത്തിയത്. ഇതോടെയാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് മാറാനുള്ള തീരുമാനത്തിലേക്ക് രാഹുൽ എത്തിയത്. രാഹുലിനെതിരെ നേരത്തെ എഐസിസിയ്ക്ക് പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന നേതൃത്വത്തോട് നടപടിയെടുക്കാനാണ് എഐസിസി ആവശ്യപ്പെട്ടത്.
തന്നോട് ആരും രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും താൻ സ്വമേധയാ രാജിവെക്കുകയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെയെല്ലാം നിഷേധിച്ച രാഹുൽ മാങ്കൂട്ടത്തിൽ ആരോപണമുന്നയിച്ചവർ നിയമപരമായി മുന്നോട്ട് പോവട്ടെയെന്നും പറഞ്ഞു. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷ സംഘടനകൾ. പത്തനംതിട്ടയിലെ രാഹുലിൻ്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചു. വീട്ടിലേക്ക് തള്ളിക്കയറിയാണ് പ്രതിഷേധം. വയനാട്ടിലും പാലക്കാടും പ്രതിഷേധ മാർച്ചുകൾ നടക്കുകയാണ്. എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ മോർച്ചാ പ്രവർത്തകർ പാലക്കാട് മാർച്ച് നടത്തി. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിയിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ്.