ദില്ലിയിൽ നിന്ന് ന്യൂയോർക്കിലേക്ക് 1 മിനുട്ട് മാത്രം ; ചരിത്രമെഴുതി നാസയുടെ പാർക്കർ സോളാർ പ്രോബ്


ന്യൂയോർക്ക് :- സൂര്യനെ ചുറ്റി ഇരുപത്തിയഞ്ചാംവട്ടവും പറന്ന് ചരിത്രമെഴുതി നാസയുടെ പാർക്കർ സോളാർ പ്രോബ്. സൂര്യനെ ചുറ്റിയുള്ള 25-ാം പറക്കലിൽ മണിക്കൂറിൽ 687,000 കിലോമീറ്റർ വേഗത പാർക്കർ സോളാർ പ്രോബ് കൈവരിച്ചു. ദില്ലിയിൽ നിന്ന് ന്യൂയോർക്കിലേക്ക് വെറും 61 സെക്കൻഡിനുള്ളിൽ എത്താൻ കഴിയുന്ന വേഗത്തിലായിരുന്നു പാർക്കർ പേടകത്തിൻ്റെ സഞ്ചാരം.

2024 ഡിസംബർ 24നും 2025 മാർച്ച് 22നും ജൂൺ 19നും ഇതേ വേഗത പേടകം കൈവരിച്ചിരുന്നു. ഇത്രയേറെ വേഗതയിൽ സഞ്ചരിക്കുമ്പോഴും പാർക്കർ സോളാർ പ്രോബിന് സൂര്യന് സമീപത്തുനിന്നുള്ള ഡാറ്റ തൽക്ഷണം ഭൂമിയിലേക്ക് അയക്കാൻ കഴിയും. സൗരവാതങ്ങളെയും സൂര്യന്റെ പ്രവർത്തനങ്ങളെയും കുറിച്ചുള്ള വിശദമായ പഠനത്തിനായി നാസ അയച്ചതാണ് പാർക്കർ സോളാർ പ്രോബ്. സൗരവാതം എങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്നുവെന്നും സൂര്യന്റെ കൊറോണയുടെ അസാധാരണമായ താപം എന്താണെന്നും മനസിലാക്കാൻ വേണ്ടിയാണ് പ്രധാനമായും പാർക്കർ സോളാർ പ്രോബ് നാസ വിക്ഷേപിച്ചത്.

എങ്ങനെ സൗരക്കാറ്റുകൾ രൂപംകൊള്ളുന്നുവെന്നതും, സൂര്യന്റെ ഉപരിതലത്തേക്കാൾ താപം എന്തുകൊണ്ട് കൊറോണ എന്ന അന്തരീക്ഷപാളിക്ക് വരുന്നുവെന്നതും, എങ്ങനെയാണ് കൊറോണൽ മാസ് ഇജക്ഷനുകൾ ബഹിരാകാശത്തുകൂടെ സഞ്ചരിക്കുന്നത് എന്നും ഇന്നും ശാസ്ത്രലോകത്തിന് അത്രകണ്ട് പിടികിട്ടാത്ത കാര്യങ്ങളാണ്. സൂര്യന്റെ കൊറോണയിലൂടെ സഞ്ചരിച്ച ആദ്യ ബഹിരാകാശ പേടകം കൂടിയാണ് പാർക്കർ സോളാർ പ്രോബ്. 2018 ഓഗസ്റ്റ് 12നായിരുന്നു ഈ റോബോട്ടിക് മിഷൻ നാസ വിക്ഷേപിച്ചത്.

ഗോദ്ദാർഡ് സ്പേസ് ഫ്ലൈറ്റ് സെൻ്റർ നിയന്ത്രിക്കുന്ന പാർക്കർ സോളാർ പ്രോബ് 2018ൽ നാസയുടെ ലിവിംഗ് വിത്ത് എ സ്റ്റാർ (LWS) പ്രോഗ്രാമിൻ്റെ ഭാഗമായിട്ടാണ് വിക്ഷേപിച്ചത്. സൂര്യനോട് ചേർന്നുള്ള അതിസങ്കീർണമായ താപം അടക്കമുള്ള വെല്ലുവിളികൾ അതിജീവിക്കാൻ പാകത്തിലാണ് പാർക്കർ സോളാർ പ്രോബ് നാസ രൂപകൽപന ചെയ്ത‌ിരിക്കുന്നത്. പാർക്കർ സോളാർ പ്രോബിൽ നിന്നുള്ള വിവരങ്ങൾ ബഹിരാകാശ യാത്രികർക്കും ഉപഗ്രഹങ്ങൾക്കും എന്തിനേറെ വിമാന യാത്രകൾക്കും ഭൂമിയിലെ പവർ ഗ്രിഡുകളുടെ സുരക്ഷയ്ക്കും വരെ നിർണായകമാണ്. സൂര്യനിലുണ്ടാവുന്ന മാറ്റങ്ങളെ കുറിച്ച് ശാസ്ത്രലോകത്തിന് ഏറെ പുത്തനറിവുകൾ നൽകാൻ ഈ പേടകത്തിനാകുമെന്ന് വിലയിരുത്തപ്പെടുന്നു.

Previous Post Next Post