'ജോർജ് കുട്ടിയും കുടുംബവും വീണ്ടുമെത്തുന്നു' ; ദൃശ്യം 3 പ്രവർത്തനങ്ങൾക്ക് തുടക്കമായി


മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ദൃശ്യം. ദൃശ്യമാണ് മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രവും. ദൃശ്യം 2 കൊവിഡ് കാലമായതിനാൽ ഒടിടിയിലൂടെയാണ് പ്രദർശനത്തിന് എത്തിയത്. ദൃശ്യം 3 യുടെ പൂജയും കഴിഞ്ഞിരിക്കുകയാണ്. ദൃശ്യം മൂന്നിന്റെ പൂജാ ചടങ്ങിൽ സംവിധായകൻ ജീത്തു ജോസഫ്, മോഹൻലാൽ, ആൻ്റണി പെരുമ്പാവൂർ തുടങ്ങിയവർ ഉൾപ്പടെയുള്ള അണിയറപ്രവർത്തകർ പങ്കെടുത്തു.

തുടർന്ന് മോഹൻലാൽ സംസാരിക്കുകയും ചെയ്തു. ദൃശ്യം 3 ചിത്രീകരണം തുടങ്ങുകയാണ്. ഈ സിനിമ ഒരു തടസ്സവും കൂടാതെ ഷൂട്ടിംഗ് നടക്കണേ സൂപ്പർഹിറ്റ് ആയി മാറണേ എന്നാണ് ഓരോ പൂജാ ചടങ്ങിലും മനസുകൊണ്ട് പ്രാർഥിക്കുന്നത്. അതുപോലെ ഞാൻ ഇന്നും പ്രാർഥിക്കുന്നു, ദൃശ്യം ഒന്നും രണ്ടും മനസ്സിലേറ്റിയ പ്രേക്ഷകർ മൂന്നും മനസ്സിലേറ്റി നടക്കട്ടേയെന്നാണ് പ്രാർഥനയെന്നും മോഹൻലാൽ പറഞ്ഞു.

ആദ്യ രണ്ട് ഭാഗങ്ങൾ വലിയ വിജയമായിരുന്നത് കൊണ്ട് തന്നെ മൂന്നാം ഭാഗം ഭാഗം വരുമ്പോൾ എന്തൊക്കെ സസ്പെൻസ് ആണ് ചിത്രത്തിലുള്ളത് എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കികൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ റീമേക്കുകൾ അന്യഭാഷകളിലും പുറത്തിറങ്ങിയിരുന്നു. അജയ് ദേവ്ഗൺ ആയിരുന്നു ഹിന്ദി ചിത്രത്തിൽ നായകനായി എത്തിയിരുന്നത്. ശ്രിയ ശരണും തബുവും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരുന്നു. മലയാളത്തിൽ ദൃശ്യം 3 വരുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ദൃശ്യം ഹിന്ദി പതിപ്പ് ആദ്യം എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അതിൽ വ്യക്തത വരുത്തിയിരുന്നു സംവിധായകൻ ജീത്തു ജോസഫ്. മലയാളത്തിൻ്റെ സ്ക്രിപ്റ്റിന് വേണ്ടി അവർ കാത്തിരിക്കുകയാണെന്നാണ് ജീത്തു ജോസഫ് പറയുന്നത്.

മോഹൻലാൽ വീണ്ടും ജോർജുകുട്ടിയായി വരുമ്പോൾ കുടുംബ കഥയ്ക്കാണ് പ്രാധാന്യം എന്നും ജീത്തു ജോസഫ് നേരത്തെ പ്രതികരിച്ചിരുന്നു. മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, എസ്‌തർ അനിൽ, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോൺ, ഇർഷാദ് തുടങ്ങിയവരാണ് ദൃശ്യത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. സുജിത് വാസുദേവാണ് ദൃശ്യത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചത്. വിനു തോമസും അനിൽ ജോൺസണുമാണ് സംഗീത വിഭാഗം കൈകാര്യം ചെയ്തത്.

Previous Post Next Post