ദില്ലി :- കേരളം ഉൾപ്പെടെ 20 സംസ്ഥാനങ്ങളിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തിൽ ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. വടക്കേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ദില്ലി, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കേരളത്തിൽ ഇന്ന് അഞ്ച് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. 40 കിലോ മീറ്റർ വരെ വേഗതയിൽ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. മാഹിയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തമിഴ്‌നാട്ടിൽ ഇന്നും നാളെയുമാണ് മഴ മുന്നറിയിപ്പുള്ളത്. കർണാടകയിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ആന്ധ്രയിലും തെലങ്കാനയിലും ഇന്ന് മുതൽ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ
സെപ്തംബർ 10 മുതൽ 16 വരെ അരുണാചൽ പ്രദേശ്, അസം, മേഘാലയ, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, ത്രിപുര എന്നിവിടങ്ങളിൽ ഇടിമിന്നലോടെയുള്ള മഴയ്ക്ക് സാധ്യതയുണ്ട്. 12 മുതൽ 16 വരെ അസമിലും മേഘാലയയിലും കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
മധ്യ, കിഴക്കൻ സംസ്ഥാനങ്ങൾ
സെപ്തംബർ 10 മുതൽ 14 വരെ മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ബീഹാർ, ജാർഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 10 മുതൽ 15 വരെ പശ്ചിമ ബംഗാളിലും സിക്കിമിലും കനത്ത മഴ പെയ്യുമെന്ന് പ്രവചനമുണ്ട്.
വടക്കു പടിഞ്ഞാറൻ സംസ്ഥാനങ്ങൾ
സെപ്തംബർ 11 മുതൽ 15 വരെ ഉത്തർപ്രദേശ്, ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലാണ് മഴ മുന്നറിയിപ്പുള്ളത്.
പടിഞ്ഞാറൻ സംസ്ഥാനങ്ങൾ
മധ്യപ്രദേശ്, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളിൽ സെപ്തംബർ 12 മുതൽ 16 വരെ മഴ പ്രതീക്ഷിക്കാം. മറാത്ത്‌വാഡ, കൊങ്കൺ, മധ്യ മഹാരാഷ്ട്ര എന്നിവിടങ്ങളിൽ 13, 14 തിയതികളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
