ഉത്രാട പാച്ചിലില്‍ നാടും നഗരവും ; ഓണചന്തകളും വഴിയോര വിപണിയും സജീവം, നാളെ പൊന്നോണം


വര്‍ണാഭമായ ഓണാഘോഷങ്ങളിലേക്ക് കടക്കുകയാണ് മലയാളികൾ. ഇന്ന് ചിങ്ങമാസത്തിലെ ഉത്രാടം. നാളെ തിരുവോണത്തെ വരവേല്‍ക്കാനുള്ള ഉത്രാടപ്പാച്ചിലാണ് നാടും നഗരവും. കേരളത്തിലും വിദേശത്തുമുള്ള മലയാളികൾ ഓണമാഘോഷിക്കാൻ ഒരുങ്ങുകയാണ്. മിക്കവരും വീടണഞ്ഞ് കുടുംബത്തോടൊപ്പം ചേരാനുള്ള തിരക്കിലാണ്. 

തിരുവോണമൊരുക്കാനുള്ള അവസാന വട്ട പാച്ചിലിനെയാണ് ഉത്രാടപ്പാച്ചിൽ എന്നതുകൊണ്ട് അർഥമാക്കുന്നത്. തിരുവോണം അടുത്തതോടെ ടൺ കണക്കിന് പച്ചക്കറിയാണ് തേനിയിലെ ചിന്നമന്നൂർ ഉൾപ്പെടെയുള്ള മാർക്കറ്റുകളിൽ ദിവസേനയെത്തുന്നത്. ഓണക്കാലത്ത് ഒരാഴ്ച മുൻപേ പച്ചക്കറി വിലയും കുതിച്ചുയരും. ഉത്രാടത്തലേന്ന് വില ഉയരുമെന്ന പ്രതീക്ഷയിൽ ചൊവ്വാഴ്ച വൻ തിരക്കാണ് മാർക്കറ്റുകളിൽ അനുഭവപ്പെട്ടത്. ഇതിനനുസരിച്ച് വിലയും ഉയർത്തി. ഇതറി‍ഞ്ഞ കർഷകർ കൂടുതൽ പച്ചക്കറി മാർക്കറ്റിലേക്കെത്തിച്ചതോടെ വിലയിടിഞ്ഞു. 

മുരിങ്ങക്ക, പടവലങ്ങ, കോവക്ക എന്നിവക്ക് മാത്രമാണ് കിലോയ്ക്ക് അൻപത് രൂപയെങ്കിലും വിലയുള്ളത്. പതിനഞ്ച് കിലോയുടെ ഒരു പെട്ടി തക്കാളിയുടെ വില എണ്ണൂറിൽ നിന്നും 250 ലേക്കും കൂപ്പുകുത്തി. കേരളത്തിലേക്ക് ഏറ്റവും കൂടുതൽ പച്ചക്കറിയെത്തുന്ന മധുര, തേനി മാർക്കറ്റുകളിലും സ്ഥിതി ഇതുതന്നെ. പക്ഷേ ചൊവ്വാഴ്ച ഉയർന്ന വിലക്ക് വ്യാപാരികൾ പച്ചക്കറി വാങ്ങിയതിനാൽ ഉത്രാദ ദിവസം മലയാളി കൂടിയ വില നൽകേണ്ടി വരാനാണ് സാധ്യത. ഉൽപ്പാദനച്ചെലവിന് ആനുപാതികമായി വില ലഭിക്കാത്തതിനാൽ കൃഷിക്കാരും നിരാശയിലാണ്.

Previous Post Next Post