കുറഞ്ഞ അളവിൽ മദ്യം കഴിക്കുന്നത് പോലും മറവിരോഗ സാധ്യത കൂട്ടുമെന്ന് പഠനം



കുറഞ്ഞ അളവിൽ മദ്യം കഴിക്കുന്നത് തലച്ചോറിന് സംരക്ഷണം നൽകുമെന്ന മുൻകാല പഠനങ്ങളെ ചോദ്യം ചെയ്‌തുകൊണ്ട് പുതിയൊരു പഠനം. പുതിയ പഠനം അനുസരിച്ച്, എത്ര ചെറിയ അളവിൽ മദ്യം കഴിച്ചാലും അത് പിന്നീട് ഡിമെൻഷ്യ (മറവിരോഗം) വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായാണ് ബി എം ജെ എവിഡൻസ്- ബേസ്‌ഡ് മെഡിസിൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലെ കണ്ടെത്തൽ.

നേരത്തെ നടത്തിയ ചില പഠനങ്ങൾ ആഴ്‌ചയിൽ ഏഴ് ഡ്രിങ്കിൽ താഴെ മദ്യം കഴിക്കുന്നത് മദ്യം കഴിക്കാത്തതിനേക്കാൾ തലച്ചോറിന് കൂടുതൽ സംരക്ഷണം നൽകിയേക്കാം എന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഈ പഠനങ്ങൾ പ്രധാനമായും പ്രായമായ ആളുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും മുൻപ് മദ്യപിച്ചിരുന്നവരെയും ആജീവനാന്തം മദ്യപിക്കാത്തവരെയും വേർതിരിയ്ക്കാതെ നടത്തിയ പഠനവുമായതുകൊണ്ടും ഫലങ്ങൾ തെറ്റിദ്ധാരണാജനകമാവാം എന്നാണ് ഗവേഷകർ പറയുന്നത്. ബി എം ജെ എവിഡൻസ്- ബേസ്‌ഡ് മെഡിസിൻ എന്ന ജേണലിൽ ചൊവ്വാഴ്‌ച പ്രസിദ്ധീകരിച്ച ഈ പുതിയ പഠനത്തിൽ, മദ്യവുമായി ബന്ധപ്പെട്ട ചില ജീനുകൾ എന്തൊക്കെ പ്രത്യാഘതങ്ങളാണ് ഉണ്ടാക്കുന്നതെന്നും, എങ്ങനെയാണ് മദ്യപാനം തലച്ചോറിനെ ബാധിക്കുന്നതെന്നുമാണ് വിശകലനം ചെയ്യുന്നത്.

ചെറിയ അളവിൽ മദ്യം കഴിക്കുന്നത് പോലും ഡിമെൻഷ്യ (മറവിരോഗം) വരാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നാണ് പഠനത്തിന് നേതൃത്വം നൽകിയ യുകെയിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ സൈക്യാട്രി വിഭാഗത്തിലെ മുതിർന്ന ക്ലിനിക്കൽ ഗവേഷകയായ അന്യ ടോപ്പിവാല പറയുന്നത്. ഈ വിഷയത്തിൽ നടന്ന ഏറ്റവും വലിയ പഠനം ഇതാണെന്നും നിരീക്ഷണങ്ങളുടെയും ജനിതകപരവുമായ വിശകലനങ്ങളുടെയും സംയോജനമാണ് പഠനത്തിൽ നിർണായകമായതെന്നും ടോപ്പിവാല പറഞ്ഞു. മെൻഡേലിയൻ റാൻഡമൈസേഷൻ എന്ന് വിളിക്കപ്പെടുന്ന ജനിതക വിശകലന പഠനം വഴി മദ്യവും മറവിരോഗവും തമ്മിലുള്ള ബന്ധം വിശദീകരിക്കുമ്പോൾ തെറ്റിദ്ധാരണാജനകമായ ഘടകങ്ങൾ കടന്നുവരാനുള്ള സാധ്യത കുറവാണെന്ന് ടോപ്പിവാല കൂട്ടിച്ചേർത്തു.

മെൻഡേലിയൻ റാൻഡമൈസേഷൻ വിപരീത കാരണങ്ങൾക്ക് (reverse causation) 28 കുറയ്ക്കുന്നു. അതായത്, മദ്യപാനം മറവിരോഗത്തിന് കാരണമാകുന്നതിന് പകരം മറവിരോഗമാണ് മദ്യപാനത്തെ സ്വാധീനിക്കുന്നത് എന്ന നിഗമനത്തിനുള്ള സാധ്യത ഇത് ഇല്ലാതാക്കുന്നു. കൂടാതെ മദ്യപാനം ഒരു വ്യക്തിയുടെ ജീവിതത്തിലുടനീളം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വിലയിരുത്താനും ഇതിലൂടെ സാധിക്കുമെന്ന് ടോപ്പിവാല വ്യക്തമാക്കി. ഒരു വ്യക്തിയുടെ മധ്യവയസ്സിലോ വാർദ്ധക്യത്തിലോ ഉള്ള മദ്യപാനശീലങ്ങൾ മാത്രമാണ് നിരീക്ഷണ പഠനങ്ങൾക്കായി ശേഖരിക്കുന്നത് ഇത് ആളുകളുടെ ഓർമകളെ അടിസ്ഥാനമാക്കിയുള്ളതായതിനാൽ എല്ലായ്പ്പോഴും കൃത്യമാകണമെന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതൊരു സങ്കീർണ്ണമായ പഠനമാണ്. എത്ര അളവിൽ മദ്യം കഴിച്ചാലും അത് തലച്ചോറിന് ദോഷകരമാകാൻ സാധ്യതയുണ്ട് എന്നതിന് ചില തെളിവുകൾ ഈ പഠനം നൽകുന്നുണ്ടെങ്കിലും പൂർണ്ണമായ ഒരു നിഗമനത്തിലേക്ക് എത്താൻ സാധിച്ചിട്ടില്ലെന്ന് ജനിതകപരമായി അൽഷിമേഴ്സ് രോഗത്തിന് സാധ്യതയുള്ളവരുടെ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചുള്ള പഠനങ്ങൾ നടത്തുന്ന ഫ്ലോറിഡയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ന്യൂറോഡീജനറേറ്റീവ് ഡിസീസസിലെ ഗവേഷണ ഡയറക്ട‌റായ ന്യൂറോളജിസ്റ്റ് ഡോ. റിച്ചാർഡ് ഐസക്സൺ പറഞ്ഞു. തന്റെ ക്ലിനിക്കിൽ വരുന്ന, ജനിതകപരമായി അൽഷിമേഴ്സ് രോഗം വരാൻ കൂടുതൽ സാധ്യതയുള്ള വ്യക്തികളോട് മദ്യം പൂർണ്ണമായും ഒഴിവാക്കുന്നതാണ് ഏറ്റവും ഉചിതമെന്ന് ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ തങ്ങൾ പറയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനിതക സാധ്യത കുറഞ്ഞ ആളുകളുടെ കാര്യത്തിൽ അവർ എപ്പോൾ എങ്ങനെ മദ്യം കഴിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും കാര്യങ്ങൾ എന്നും ഐസക്സൺ കൂട്ടിച്ചേർത്തു.

യുകെയിലെ ബയോബാങ്ക് പഠനത്തിന്റെയും യുഎസ് മില്യൺ വെറ്ററൻ പ്രോഗ്രാമിന്റെയും ഭാഗമായ ഏകദേശം 5,60,000 ആളുകളിൽ നിന്ന് സ്വീകരിച്ച വിവരങ്ങൾ വച്ചാണ് പുതിയ പഠനം നടത്തിയത്. പഠനത്തിന്റെ നിരീക്ഷണപരമായ ഭാഗത്ത്, ആളുകൾ എത്രമാത്രം മദ്യം കഴിക്കുന്നു എന്ന് അവരിൽ നിന്ന് സ്വയം രേഖപ്പെടുത്തി വാങ്ങുകയും പിന്നീട് മദ്യപാനത്തിന്റെ അളവും കാലക്രമേണ മറവിരോഗം വരാനുള്ള സാധ്യതയും താരതമ്യം ചെയ്തുമാണ് ഗവേഷകർ പഠനം നടത്തിയത്. തുടർ പഠനത്തിൽ 24 ലക്ഷം ആളുകളെ അടിസ്ഥാമാക്കി മറവിരോഗത്തെക്കുറിച്ചു നടത്തിയ 45 പഠനങ്ങളിൽ നിന്നുള്ള ജനിതക വിവരങ്ങൾ പരിശോധിക്കുകയും മദ്യപാനത്തിന്റെ അളവും കാലക്രമേണ മറവിരോഗം വരാനുള്ള സാധ്യതയും ഗവേഷകർ താരതമ്യം ചെയ്‌തു.

കുറഞ്ഞ അളവിൽ മദ്യം കഴിക്കുന്ന ആളുകൾക്ക് (ആഴ്ച‌യിൽ 7 ഡ്രിങ്കിൽ താഴെ) അമിതമായി മദ്യപിക്കുന്നവരേക്കാൾ (ആഴ്ച‌യിൽ 40 ഡ്രിങ്കിൽ കൂടുതൽ) കുറഞ്ഞ അപകടസാധ്യതയാണ് ഉണ്ടായിരുന്നതെന്ന് എഡിൻബർഗ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും സെൻ്റർ ഫോർ ഡിസ്കവറി ബ്രെയിൻ സയൻസസ് ഡയറക്‌ടറുമായ താരാ സ്പൈർസ് ജോൺസ് പ്രസ്ത‌ാവനയിൽ പറഞ്ഞു. ജീവിതത്തിൽ ഒരിക്കൽ പോലും മദ്യം കഴിക്കാത്തവർക്കും പണ്ട് മദ്യപിച്ച എന്നാൽ ഇപ്പോൾ മദ്യപാന ശീലമില്ലാത്തവർക്കും അമിതമായി മദ്യപിക്കുന്നവരെപ്പോലെ തന്നെ മറവിരോഗ സാധ്യതയുണ്ടെന്നുള്ളതാണ് ഈ പഠനത്തിൻ്റെ രസകരമായ ഭാഗമെന്ന് യുകെ ഡിമെൻഷ്യ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗ്രൂപ്പ് ലീഡർ കൂടിയായ സ്പൈർസ് ജോൺസ് പറഞ്ഞു.

ജനിതകപരമായ ഘടകങ്ങൾ മറവിരോഗ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും മദ്യപാനം കൂടും തോറും മറവിരോഗ സാധ്യത രേഖീയമായി വർദ്ധിക്കുന്നുവെന്നും പഠനം പറയുന്നു. പഠനത്തിൻ്റെ ഒരു ഭാഗത്തും മദ്യപാനം നേരിട്ട് മറവിരോഗത്തിന് കാരണമാകുന്നു എന്ന് തീർത്ത് പറയാൻ കഴിയില്ലെന്നും എന്നാൽ, മദ്യപാനവും മറവിരോഗ സാധ്യത വർദ്ധിപ്പിക്കുന്നതും തമ്മിലുള്ള ബന്ധം കാണിക്കുന്ന സമാനമായ ധാരാളം വിവരങ്ങളിലേക്ക് ഇത് വിരൽ ചൂണ്ടുന്നുണ്ടെന്നും സ്പൈർസ് ജോൺസ് പറഞ്ഞു. അടിസ്ഥാനപരമായ ന്യൂറോസയൻസ് പഠനങ്ങൾ മദ്യം തലച്ചോറിലെ ന്യൂറോണുകൾക്ക് നേരിട്ട് വിഷകരമാണെന്ന് തെളിയിച്ചിട്ടുണ്ടെന്നും സ്പൈർസ് ജോൺസ് കൂട്ടിച്ചേർത്തു.

Previous Post Next Post