തിരുവനന്തപുരം :- ആരോഗ്യ ഇൻഷുറൻസ് കാർഡിൽ തിരുത്തൽ വരുത്താനുള്ള അവസരം ഇന്ന് അവസാനിക്കാനിരിക്കെ ഓൺലൈനായി തിരുത്തുന്നതിനു തടസ്സം നേരിടുന്നെന്നു പരാതി. ആയിരക്കണക്കിന് പെൻഷൻകാർക്കും ജീവനക്കാർക്കും ഇതുകാരണം തിരുത്തൽ വരുത്താൻ കഴിഞ്ഞിട്ടില്ല. കൂടുതൽ സമയം അനുവദിക്കണമെന്നാണ് ആവശ്യം. മെഡിസെപ് പദ്ധതിയുടെ അടുത്ത 3 വർഷത്തെ കരാർ നൽകുന്നതിനു മുന്നോടിയായാണു തിരുത്തൽ വരുത്തുന്നത്. ആശ്രിതരെ നീക്കം ചെയ്യാനും പുതുതായി ഉൾപ്പെടുത്താനുമാണ് അവസരം നൽകിയത്.
മെഡിസെപ് കാർഡിലെയും ആശുപത്രികളിൽ നൽകുന്ന തിരിച്ചറിയൽ രേഖകളിലെയും വിവരങ്ങളിലെ പൊരുത്തക്കേട് ഒഴിവാക്കാൻ ഗുണഭോക്താക്കൾ www.medisep.kerala.gov.in വെബ്സൈറ്റിലെ സ്‌റ്റേറ്റസ് മെനുവിൽ പെൻ നമ്പർ/എംപ്ലോയീ ഐഡി/പിപിഒ നമ്പർ/പെൻഷൻ ഐഡി, ജനനത്തീയതി, വകുപ്പിന്റെ/ട്രഷറിയുടെ പേര് എന്നിവ നൽകി സ്‌റ്റേറ്റസ് റിപ്പോർട്ട് ഡൗൺലോഡ് ചെയ്ത‌് ഡാറ്റ കൃത്യമാണെന്ന് ഉറപ്പാക്കണം. തിരുത്തൽ വരുത്തി പ്രൊഫൈൽ അപ്ഡേറ്റ് ചെയ്ത് ഡിഡിഒമാർ വെരിഫിക്കേഷൻ പൂർത്തിയാക്കിയ പ്രൊഫൈലുകളുടെ സ്റ്റേറ്റസ് റിപ്പോർട്ട് ഡൗൺ ലോഡ് ചെയ്തു സൂക്ഷിച്ച് കാർഡ് ലഭിക്കുമ്പോൾ മെഡിസെപ് ഒത്തുനോക്കുകയും വേണം.
എന്നാൽ പോർട്ടലിൽ പലപ്പോഴും തിരുത്തൽ വരുത്താൻ കഴിയുന്നില്ലെന്നാണ് പരാതി. തിരുത്തിയ ശേഷം സമർപ്പിക്കുമ്പോൾ പേജ് ലഭ്യമാകുന്നില്ലെന്നും പരാതിയുണ്ട്. മെഡിസെപ് കാർഡിലെ വിവരങ്ങളിൽ തെറ്റു സംഭവിച്ചാൽ ചികിത്സയ്ക്കെത്തുമ്പോൾ ക്ലെയിം നിഷേധിക്കും. ഇത്തരത്തിൽ ഒട്ടേറെ ക്ലെയിമുകൾ 3 വർഷത്തിനിടെ ഇൻഷുറൻസ് കമ്പനി തള്ളിയിരുന്നു. തുടർന്ന് വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രം ഹാജരാക്കിയാണു ചിലർ ക്ലെയിം പാസ്സാക്കിയെടുത്തത്.
