വലിയ വാഹനങ്ങൾക്ക് നവംബർ മുതൽ ബ്ലൈൻഡ് സ്പോട്ട് മിറർ നിർബന്ധം ; ഡ്രൈവർമാർക്ക് പരിശീലനം നൽകും


തിരുവനന്തപുരം :- ബസ്, ലോറി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളിലെ അപകടം കുറയ്ക്കാൻ സ്ഥാപിക്കുന്ന ബ്ലൈൻഡ് സ്പോട്ട് മിററുകൾ ഉപയോഗിക്കാൻ ഡ്രൈവർമാർക്ക് മോട്ടോർവാഹന വകുപ്പ് പരിശീലനം നൽകും. നവംബർ ഒന്ന്‌ മുതലാണ് ബ്ലൈൻഡ് സ്പോട്ട് മിററുകൾ നിർബന്ധമാക്കുന്നത്. ഇതിനു മുന്നോടിയായി സ്വകാര്യ, കോൺട്രാക്ട്‌ ക്യാരേജ്, ലോറി എന്നിവയിലെ ഡ്രൈവർമാർക്ക് പരിശീലനം നൽകാൻ ട്രാൻസ്‌പോർട്ട് കമ്മിഷണർ നിർദേശം നൽകി. പ്രാദേശികമായി ബോധവത്കരണ ക്യാമ്പുകൾ സംഘടിപ്പിക്കും. റിയർവ്യൂ മിററുകളിലൂടെയും നേരിട്ടും ഡ്രൈവറുടെ കണ്ണിൽപ്പെടാത്ത ഭാഗങ്ങളാണ് ബ്ലൈൻഡ് സ്‌പോട്ടുകൾ. ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന വ്യക്തിക്ക് ഈ ഭാഗത്തെ കാഴ്ചകൾ എത്തിക്കുന്ന വിധത്തിലാണ്‌ പുതിയ കണ്ണാടികൾ സ്ഥാപിക്കുക.

പിൻവശങ്ങളിലെ കാഴ്ചയ്ക്കുപയോഗിക്കുന്ന രണ്ട് റിയർവ്യൂ മിററുകൾ മാത്രമാണ് ഇപ്പോൾ നിർബന്ധമുള്ളത്. വലിയ വാഹനങ്ങളുടെ ബോണറ്റിനോടു ചേർന്നും മുൻ ടയറുകൾക്കടുത്തും ബ്ലൈൻഡ് സ്പോട്ടുകളുണ്ട്. ഈ ഭാഗത്തുകൂടി നടന്നുപോകുന്നവരും കടന്നുപോകുന്ന ഇരുചക്രവാഹനങ്ങളും അപകടത്തിൽപ്പെടുന്നുണ്ട്. നിർത്തിയിട്ട ബസിനു മുന്നിലൂടെ റോഡ് മുറിച്ചുകടന്ന വീട്ടമ്മ തിരുവനന്തപുരം സ്റ്റാച്യുവിൽ കഴിഞ്ഞയാഴ്ച ബസിടിച്ച് മരണപ്പെട്ടിരുന്നു. ഇത്തരം സംഭവങ്ങൾ വ്യാപകമായതോടെയാണ് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിട്ടി ബ്ലൈൻഡ് സ്‌പോട്ട് മിററുകൾ നിർബന്ധമാക്കിയത്.

Previous Post Next Post