തൃശ്ശൂർ :- കുട്ടികളിൽ ഹൃദ്രോഗ സാധ്യതയുയർത്തി കൊഴുപ്പു ഘടകങ്ങളുടെ സാന്നിധ്യം കൂടുന്നുവെന്ന് കേന്ദ്ര ആരോഗ്യവകുപ്പിൻ്റെ റിപ്പോർട്ട്. രാജ്യത്തെ അഞ്ചു മുതൽ ഒൻപതു വയസ്സുവരെയുള്ള കുട്ടികളിൽ ഭാവിയിൽ ഹൃദ്രോഗസാധ്യതയുണ്ടാക്കുന്ന കൊഴുപ്പു ഘടകമായ ട്രൈഗ്ലിസ് റൈഡുകളുടെ കൂടിയ സാന്നിധ്യമുണ്ടെന്നാണ് റിപ്പോർട്ട്. 34 ശതമാനമാണ് ദേശീയ ശരാശരി. കേരളത്തിലിത് 16.6 ആണെന്നത് ആശ്വാസമാണ്.
ട്രൈഗ്ലിസറൈഡുകളുടെ സാന്നിധ്യം ചെറിയ കുട്ടികളിൽ കൂടുതലാണെങ്കിലും 10-19 പ്രായമുള്ള കുട്ടികളിൽ നിരക്ക് 16.1 ആയി കുറയുന്നുണ്ട്. 10-19 പ്രായത്തിനിടയിലുള്ള കുട്ടികളിൽ 4.9 ശതമാനം പേർക്ക് രക്താതിസമ്മർദമുണ്ടെന്നത് ഉൾപ്പെടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഗൗരവകരമായ കാര്യങ്ങളും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രസവസമയത്ത് വേണ്ടത്ര ഓക്സിജൻ കിട്ടാത്തതും തൂക്കക്കുറവും മാസം തികയാതെയുള്ള പ്രസവവുമൊക്കെ ഗുരുതരപ്രശ്നങ്ങളാണെന്നും വിലയിരുത്തുന്നു.
