റെക്കോർഡിട്ട് പച്ചത്തേങ്ങ വില ; വീണ്ടും കൂടി


കുതിപ്പിനൊടുവിൽ കിതച്ചുതാഴ്ന്ന പച്ചത്തേങ്ങവില വീണ്ടുമുയരുന്നു. 73 രൂപയാണ് തിങ്കളാഴ്ച പൊതുമാർക്കറ്റിൽ ഒരുകിലോ പച്ചത്തേങ്ങയുടെ ചില്ലറവില്പന വില. വിപണിയിൽ തേങ്ങയുടെ വരവ് കുറഞ്ഞതോടെ ഇനിയും വില ഉയരാനാണ് സാധ്യതയെന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടൽ. ജൂൺ അവസാനവാരം കിലോയ്ക്ക് 80 രൂപ വരെയെത്തിയ വില പിന്നീട് കൂടിയും കുറഞ്ഞും ഓഗസ്റ്റ് പകുതിയോടെ 57 രൂപയിലെത്തിയിരുന്നു. ഓണക്കാലമെത്തിയപ്പോഴേക്കും വില 69 ആയി. അതാണിപ്പോൾ 73 രൂപയിൽ എത്തി നിൽക്കുന്നത്. ആനുപാതികമായി കൊപ്ര, വെളിച്ചെണ്ണ വിലയിലും വർധനയുണ്ട്.

വർഷങ്ങളായി വിലക്കുറവിൽ തളർന്ന പച്ചത്തേങ്ങയ്ക്ക് കഴിഞ്ഞ സെപ്റ്റംബറോടെയാണ് നല്ല കാലമെത്തിയത്. സർക്കാർ നിശ്ചയിച്ചിരുന്ന 34 രൂപ സംഭരണവിലയെയും മറികടന്ന് ഒക്ടോബർ പകുതിയോടെ പൊതുമാർക്കറ്റിൽ വില 50 രൂപയിലെത്തി. പിന്നീടങ്ങോട്ട് വില കുതിക്കുകയായിരുന്നു. ഒരുഘട്ടത്തിൽ 100 രൂപ കടക്കുമെന്ന തോന്നലുണ്ടാക്കിയ ശേഷമാണ് ജൂലായ് അവസാനവാരം വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയത്. കഴിഞ്ഞവർഷം ഓഗസ്റ്റിൽ 31.50 രൂപയായിരുന്നു ഒരു കിലോ പച്ചത്തേങ്ങയുടെ വില. 2022-23 വർഷം 20-നും 28-നും ഇടയിലായിരുന്നു പൊതുമാർക്കറ്റിൽ ചില്ലറവില്പനവില. സംസ്ഥാനത്ത് തേങ്ങയുടെ ഉത്പാദനം വൻതോതിൽ കുറഞ്ഞിട്ടുണ്ട്.

Previous Post Next Post