അമീബിക് മസ്‌തിഷ്‌ക ജ്വരം പടരുന്നു ; അടിയന്തിര പ്രമേയത്തിന് അനുമതി, ചർച്ചയ്ക്ക് തയ്യാറെന്ന് ആരോഗ്യ മന്ത്രി


തിരുവനന്തപുരം :- സംസ്ഥാനത്ത് ആശങ്ക ഉയർത്തിക്കൊണ്ട് പടരുന്ന അമീബിക് മസ്തിഷ്‌ക ജ്വരത്തെപ്പറ്റി ചർച്ച ചെയ്യുന്നതിനുള്ള അടിയന്തിര പ്രമേയത്തിന് സഭയിൽ അനുമതി. 12 മണി മുതൽ ചർച്ച ആരംഭിക്കും. രണ്ട് മണിക്കൂറായിരിക്കും ചർച്ച ഉണ്ടായിരിക്കുക. പൊതുജനാരോഗ്യം പ്രാധാന്യം ഉള്ള വിഷയമാണെന്നും ചർച്ചക്ക് തയാറാണെന്നും ആരോഗ്യ മന്ത്രി അറിയിക്കുകയായിരുന്നു. സഭ നടപടികൾ നിർത്തിവച്ചാണ് ചർച്ച ചെയ്യേണ്ടത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഭയിൽ ആവശ്യപ്പെട്ടു. അപൂർവ്വമായ രോഗം കേരളത്തിൽ തുടർച്ചായി റിപ്പോർട്ട് ചെയ്യുന്നതും മരണം സംഭവിക്കുന്നതും വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. ആദ്യ ഘട്ടത്തിൽ ആരോഗ്യവകുപ്പ് കണക്ക് പോലും മറച്ചുവെച്ചിരുന്നു. രോഗബാധ തടയാനാകാത്തത് ആരോഗ്യവകുപ്പിന്റെ വീഴ്ചയാണെന്നാണ് പ്രതിപക്ഷ വിമർശനം.

സംസ്ഥാനത്ത് ഇന്നലെ പാലക്കാട് സ്വദേശിയായ 29 കാരന് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. രണ്ട് മാസം മുൻപ് യുവാവ് ക്ഷേത്രക്കുളത്തിൽ കുളിച്ചിരുന്നതായി ആരോഗ്യവകുപ്പിനെ അറിയിച്ചു. വിവിധ ജില്ലകളിൽ നിന്നായി നാല് കുട്ടികൾ ഉൾപ്പെടെ പതിനൊന്ന് പേരാണ് കോഴിക്കോട് മെഡിക്കൽ കോളേജൈൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ആരുടെയും ആരോഗ്യനില ഗുരുതരമല്ല.

കൊല്ലത്ത് സ്കൂളിൽ ഷോക്കേറ്റ് മിഥുൻ മരിച്ച സംഭവവുമായി ബന്ധപ്പെട്ട ചോദ്യോത്തരവേളയോടെയാണ് സഭ ഇന്ന് രാവിലെ ആരംഭിച്ചത്. ദയനീയമായ അപകടമാണ് കൊല്ലത്ത് സംഭവിച്ചത്. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമോ എന്ന മാത്യു കുഴൽനാടന്റെ ചോദ്യത്തിന് സേഫ്റ്റി കമ്മീഷണറുടെ റിപ്പോർട്ട് കിട്ടിയതിനുശേഷം കൂടുതൽ നടപടികൾ സ്വീകരിക്കാമെന്ന് വൈദ്യുതി * മന്ത്രി കെ കൃഷ്ണൻകുട്ടി മറുപടി പറഞ്ഞു. കൂടാതെ സംസ്ഥാനത്തെ വൈദുതി ലൈനുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിനുള്ള നടപടികൾ ഘട്ടം ഘട്ടമായി നടപ്പാക്കുമെന്നും മന്ത്രി സഭയിൽ പറഞ്ഞു. വൈദ്യുതി മരണങ്ങളിൽ നൽകുന്ന ധനസഹായം ഇപ്പോൾ തന്നെ കൂടുതൽ ആണെന്നും മന്ത്രി സഭയിൽ പറഞ്ഞു.

Previous Post Next Post