മലപ്പുറം :- മലപ്പുറം പുറത്തൂരിൽ മലമ്പാമ്പിനെ പിടികൂടുന്നതിനിടെ സ്നേക്ക് മാസ്റ്റർക്ക് കടിയേറ്റു. സ്നേക്ക് മാസ്റ്റർ മുസ്തഫ തിരൂരിനാണ് കടിയേറ്റത്. മുസ്തഫയുടെ കൈവിരലിനും സമീപത്തുമാണ് മലമ്പാമ്പിന്റെ കടിയേറ്റത്. നാട്ടുകാർ പിടികൂടി പാമ്പിനെ കോഴിക്കൂട്ടിൽ സൂക്ഷിച്ചിരുന്നു. ഈ കൂട്ടിൽ നിന്ന് പിടികൂടുന്നതിനിടെയാണ് കടിയേറ്റത്. പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങളും പുറത്തുവന്നു. കോഴിക്കൂട്ടിലുള്ള പാമ്പിന്റെ വാലിൽ പിടിച്ച് പുറത്തേക്ക് എടുക്കാനുള്ള ശ്രമത്തിനിടെ മലമ്പാമ്പ് മുസ്‌തഫയ്ക്കുനേരെ ചീറിയടുക്കുകയായിരുന്നു. പലതവണ ആക്രമിക്കാൻ ശ്രമിച്ചു. ഇതിനിടെയാണ് കടിയേറ്റത്. കടിയേറ്റെങ്കിലും പാമ്പിനെ പിടികൂടിയശേഷമാണ് ചികിത്സ തേടിയത്.
മലമ്പാമ്പ് ആയതിനാൽ മുസ്‌തഫയ്ക്ക് മറ്റു പ്രശ്നങ്ങളില്ല. ഇന്നലെ രാവിലെ 9.30ഓടെ പുറത്തൂർ സ്വദേശി ബാബുവിന്റെ വീട്ടിൽ വെച്ച് മലമ്പാമ്പിനെ പിടികൂടുന്നതിനിടെ മുസ്തഫക്ക് കടിയേറ്റത്. തിങ്കളാഴ്ച രാത്രിയാണ് വിറകുപുരക്ക് സമീപം മലമ്പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ പിടികൂടി ചാക്കിലാക്കി കോഴിക്കൂട്ടിൽ അടക്കുകയായിരുന്നു. എന്നാൽ, ഇതിനിടയിൽ പാമ്പ് ചാക്കിൽ നിന്ന് പുറത്തുവന്നിരുന്നു. ഇന്നലെ രാവിലെ മുസ്തഫയെത്തി പാമ്പിനെ കൂട്ടിൽ നിന്ന് പുറത്തെത്തിച്ച് പിടികൂടുകയായിരുന്നു. മുസ്തഫയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലമ്പാമ്പിനെ വനംവകുപ്പിന് കൈമാറി.
