ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്, വോട്ടെണ്ണൽ ആരംഭിച്ചു


ദില്ലി :- ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങി. 12 എംപിമാരൊഴികെ എല്ലാവരും വോട്ട് ചെയ്തെന്നാണ് വിവരം. പ്രതിപക്ഷത്തെ 315 എംപിമാരും വോട്ട് രേഖപ്പെടുത്തി. മനസാക്ഷി വോട്ട് ചെയ്യണമെന്നുള്ള ഇന്ത്യ സഖ്യത്തിന്റെ ആഹ്വാനത്തെ ബിജെപി രൂക്ഷമായി വിമർശിച്ചു. രാവിലെ പത്ത് മണിക്കാണ് പുതിയ പാർലമെന്റ് മന്ദിരത്തിലെ എഫ് 101 നമ്പർ മുറിയിൽ വോട്ടെടുപ്പ് തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യം വോട്ട് രേഖപ്പെടുത്തി. പിന്നീട് അമിത് ഷാ അടക്കമുള്ള മുതിർന്ന നേതാക്കളും വോട്ട് ചെയ്തു. വോട്ടെടുപ്പ് തുടങ്ങും മുൻപുതന്നെ എംപിമാരുടെ നീണ്ട ക്യൂ ആയിരുന്നു. 

കേരളത്തിലെ എംപിമാർ ഏതാണ്ടെല്ലാവരും ഒന്നിച്ചെത്തി വോട്ട് രേഖപ്പെടുത്തി. ശശി തരൂർ അടക്കമുള്ളവർ ഉച്ചയ്ക്ക് മുൻപ് വോട്ട് ചെയ്തു. മലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ 11 മണിക്കാണ് ഒന്നിച്ച് വോട്ട് ചെയ്യാനെത്തിയത്. ഭരണപക്ഷത്തുനിന്ന് അസംതൃപ്ത‌രായ എംപിമാരെ പ്രതീക്ഷിച്ച് മനസാക്ഷി വോട്ടെന്ന ആഹ്വാനം ഇന്ത്യ സഖ്യം നൽകി. പ്രതിപക്ഷ സ്ഥാനാർത്ഥിയായ എസ്. സുദർശന് റെഡ്ഡി അവസാന നിമിഷംവരെ വിജയിക്കും എന്ന പ്രതീക്ഷയാണ് പ്രകടിപ്പിച്ചത്.

അട്ടിമറി ഒഴിവാക്കാനുള്ള കർശന നിരീക്ഷണമാണ് എൻഡിഎ പക്ഷത്ത് കണ്ടത്. എൻഡിഎ എംപിമാരെ ബാച്ചുകളായി തിരിച്ച് മുതിർന്ന നേതാക്കളുടെ മേൽനോട്ടത്തിലാണ് വോട്ടെടുപ്പിനായി എത്തിച്ചത്. സുരേഷ് ഗോപിയും ജോർജ് കുര്യനുമടക്കമുള്ള തെക്കേ ഇന്ത്യൻ എംപിമാരുടെ മേൽനോട്ടം കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാനായിരുന്നു. ഒരു വോട്ടും എൻഡിഎ പക്ഷത്തുനിന്നും ചോരില്ലെന്ന് ഭരണ കക്ഷി നേതാക്കൾ തിരിച്ചടിച്ചു. ഇന്ത്യ സഖ്യത്തിന്റെ എംപിമാരുടെ വോട്ടും സിപി രാധാകൃഷ്ണന് ലഭിക്കുമെന്നും അദ്ദേഹം വിജയിക്കുമെന്നും എൻസിപി അജിത് പവാർ പക്ഷം പ്രഫുൽ പട്ടേൽ എംപി വ്യക്തമാക്കി.

വോട്ടെടുപ്പിന് ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങളിൽ മിക്കവാറും എംപിമാർ പരാതി പറഞ്ഞു. ഒന്നര മണിക്കൂറോളം ക്യൂവിൽ നിന്ന ശേഷമാണ് വോട്ട് ചെയ്യാനായതെന്ന് ചില എംപിമാർ വ്യക്തമാക്കി. നൂറ്റിപ്പത്ത് വോട്ടുകളുടെയെങ്കിലും വ്യത്യാസത്തിൽ സിപി രാധാകൃഷ്‌ണൻ വിജയിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ അസാധാരണ ഐക്യമാണ് പ്രകടമായതെന്ന് കോൺ ഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു. പ്രതിപക്ഷത്തുള്ള 315 എംപിമാരും വോട്ട് രേഖപ്പെടുത്തി എന്നാണ് വിവരം. എല്ലാ എൻഡിഎ എംപിമാരും വോട്ട് രേഖപ്പെടുത്തിയെന്നാണ് സൂചന. ബിആർഎസ്, ബിജു ജനതാദൾ, ശിരോമണി അകാലിദൾ എന്നീ പാർട്ടികളാണ് വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നത്.

Previous Post Next Post