ന്യൂഡൽഹി :- കുടുംബാംഗങ്ങളിൽ നിന്ന് സ്നേഹപരിചരണം ലഭിക്കുന്നില്ലെങ്കിൽ അവർക്ക് നേരത്തേ ഇഷ്ടദാനമായി നൽകിയത് റദ്ദാക്കാൻ മുതിർന്ന പൗരർക്ക് സാധിക്കുമെന്ന് ഡൽഹി ഹൈക്കോടതി. ഇത്തരം സാഹചര്യങ്ങളിൽ ഇഷ്ടദാനം നേടിയെടുത്തത് തെറ്റായ രീതിയിലാണന്ന് പ്രഖ്യാപിച്ച് റദ്ദാക്കാമെന്നാണ് ചീഫ് ജസ്റ്റിസ് ഡി.കെ ഉപാധ്യായയുടെ ബെഞ്ച് വ്യക്തമാക്കിയത്. ഇഷ്ടദാനം നൽകുമ്പോഴുള്ള കരാറിൽ, സ്വീകരിക്കുന്നയാൾ തിരിച്ച് അടിസ്ഥാന സൗകര്യങ്ങളും പരിചരണങ്ങളും നൽകണമെന്ന് പ്രത്യേകം എഴുതി വെച്ചിരിക്കണമെന്ന് നിർബന്ധമില്ല. എഴുതിവെച്ചിട്ടില്ലെങ്കിലും മുതിർന്ന പൗരരുടെ നിയമത്തിലെ 23(ഒന്ന്) വകുപ്പ് പ്രകാരം വസ്തു വകകൾ തിരിച്ചെടുക്കാം.
മാതാപിതാക്കൾ മക്കൾക്ക് സ്വത്ത് ഇഷ്ടദാനമായി നൽകുന്നത് സ്നേഹവാത്സല്യത്തോടെയാണ്. അങ്ങനെ ചെയ്യുമ്പോൾ മക്കളിൽ നിന്ന് സ്നേഹവും പരിചരണവും തിരിച്ചു ലഭിക്കുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. അതിനാൽ സ്നേഹപരിചരണങ്ങൾ നൽകണമെന്നത് ഇഷ്ടദാനത്തിൽ അന്തർലീനമായ നിബന്ധനയാണെന്നും കോടതി പറഞ്ഞു. മകൾക്ക് ഇഷ്ടദാനമായി വീട് നൽകിയെങ്കിലും തിരിച്ച് പരിചരണം ലഭിച്ചില്ലെന്നതുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതി വിധി.
