ദില്ലി :- ഓപ്പറേഷൻ സിന്ദൂരിൻ്റെ ഭാഗമായി പാകിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങൾ ഇല്ലാതാക്കിയതിന് പിന്നാലെ പാക് ഭീകര സംഘടനകളായ ജെയ്ഷെ-ഇ-മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ എന്നിവർ അഫ്ഗാനിസ്ഥാൻ അതിർത്തിയിലേക്ക് കേന്ദ്രങ്ങൾ മാറ്റുന്നതായി റിപ്പോർട്ട്. രണ്ട് സംഘടനകളും തങ്ങളുടെ താവളങ്ങൾ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലേക്ക് (കെപികെ) മാറ്റുന്നതായി രഹസ്യാന്വേഷണ സ്ഥാപനത്തിന് ദൃശ്യങ്ങൾ ലഭിച്ചെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഖൈബർ മേഖലയിലെ മൻസെഹ്റയിലുള്ള മർകസ് ഷോഹാദ-ഇ-ഇസ്ലാം എന്ന പരിശീലന കേന്ദ്രം ജെയ്ഷെ മുഹമ്മദ് വേഗത്തിൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും സ്ഥലത്തെ ലോജിസ്റ്റിക്കൽ നിക്ഷേപത്തിലെ വർധനവും ദൃശ്യങ്ങളിൽ വ്യക്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
മുൻ എസ്എസ്‌ജി കമാൻഡോ ഖാലിദ് ഖാന്റെ നേതൃത്വത്തിൽ ഹിസ്ബുൾ, കെപികെയിലെ ബന്ദായിയിൽ HM-313 എന്ന പേരിൽ ഒരു പുതിയ പരിശീലന കേന്ദ്രം നിർമ്മിക്കുന്നത് പുരോ ഗമിക്കുകയാണ്. 2024 ഓഗസ്റ്റിൽ ഭൂമി വാങ്ങിയെങ്കിലും, മെയ് പകുതിയോടെ മാത്രമാണ് നിർമ്മാണം ആരംഭിച്ചത്. അതിർത്തി മതിലുകളും പ്രാരംഭപരിശീലന അടിസ്ഥാന സൗകര്യങ്ങളും പൂർത്തിയായതായി ഫോട്ടോകൾ കാണിക്കുന്നു.
ബദർ ഗസ്വയ്ക്കും (ഒരു ചരിത്രപരമായ ഇസ്ലാമിക യുദ്ധം) അൽ-ഖ്വയ്‌ദയുടെ ബ്രിഗേഡ് 313 നും X ഉള്ള പ്രതീകാത്മകമായാണ് എച്ച്എം-313 എന്ന പേരിട്ടിരിക്കുന്നത്. ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ട മസൂദ് അസ്ഹറിന്റെ സഹോദരൻ യൂസഫ് അസ്‌ഹറിന്റെ സ്മരണയ്ക്കായി സെപ്റ്റംബർ 25 ന് പെഷവാറിലെ ഷഹീദ് മക്‌സുദാബാദിൽ റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്താൻ ജെയ്ഷെ മുഹമ്മദ് പദ്ധതിയിടുന്നു. പശ്ചിമാഫ്രിക്കയിലെ അൽ-ഖ്വയ്ദ ഗ്രൂപ്പിന് സമാനമായ അൽ-മുറാബിതുൻ എന്ന പുതിയ പേര് പ്രഖ്യാപിക്കുമെന്നും പറയുന്നു. ഇന്ത്യയുടെ ആക്രമണങ്ങൾക്ക് ഇരയാകാവുന്ന സ്ഥലങ്ങളിൽ നിന്നുള്ള മാറ്റമാണ് സംഘടനകളുടെ തീരുമാനത്തിന് പിന്നിൽ. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ, അഫ്ഗാൻ അതിർത്തിയോടുള്ള സാമീപ്യം, അഫ്ഗാൻ യുദ്ധകാലം മുതൽ നിലനിൽക്കുന്ന ജിഹാദി സുരക്ഷിത താവളങ്ങൾ എന്നീ സൗകര്യങ്ങളും പരിഗണിക്കുന്നു.
അതേസമയം നുഴഞ്ഞുകയറ്റത്തിനുള്ള ഒരു ഫോർവേഡ് ഓപ്പറേറ്റിംഗ് പ്ലാറ്റ്ഫോമായി പിഒകെ പ്രവർത്തിക്കും. സെപ്റ്റംബർ 14 ന് ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരം ആരംഭിക്കുന്നതിന് ഏഴ് മണിക്കൂർ മുമ്പ് മൻസെഹ്റയിലെ ഗാർഹി ഹബീബുള്ളയിൽ ജെയ്ഷെ നേതൃത്വം നൽകിയ പരിപാടി നടന്നതായി രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തി. ദിയോബന്ദി മതസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഈ പരിപാടി, ജെയ്ഷെ മുഹമ്മദും ജെയുഐയും സംയുക്തമായി നയിച്ചു. പരിപാടിയിൽ ജെയ്ഷെ മുഹമ്മദിന്റെ തലവൻ മുലാന മുഫ്തി മസൂദ് ഇല്യാസ് കശ്‌മീരി ഒസാമ ബിൻ ലാദനെ പ്രകീർത്തിച്ചു.
