തിരുവനന്തപുരം :- മദ്യത്തിൻ്റെ പ്ലാസ്റ്റിക് കാലിക്കുപ്പി വാങ്ങിയ ഔടറ്റ്ലെറ്റിൽ തിരിച്ചു കൊടുത്താൽ നിക്ഷേപത്തുകയായ 20 രൂപ മടക്കി നൽകുന്ന പദ്ധതിയുടെ പ്രാരംഭ പ്രശ്നങ്ങളെപ്പറ്റി ബവ്കോ സർക്കാരിനു റിപ്പോർട്ട് നൽകും. പ്ലാസ്റ്റിക് നിയന്ത്രണത്തിന് എന്ന പേരിൽ മദ്യവില കൂട്ടി വാങ്ങുന്നതിൽ ഔറ്റുകളിൽ ഉപഭോക്താക്കളുടെ ഭാഗത്തുനിന്നു വലിയ പ്രതിഷേധമാണുണ്ടാകുന്നത്. ജീവനക്കാരും വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തിലാണു സ്ഥിതിഗതികൾ സർക്കാരിനെ അറിയിക്കുന്നത്.
വേണ്ടത്ര മുന്നൊരുക്കമില്ലാതെയാണു പരീക്ഷണം നടപ്പാക്കിയതെന്ന ആക്ഷേപമുയർന്നിട്ടുണ്ട്. കാലിക്കുപ്പി ശേഖരിക്കാനുള്ള കൗണ്ടറിൽ കുടുംബശ്രീ പ്രവർത്തകരെ നിയോഗിക്കാനാണു തീരുമാനിച്ചിരുന്നതെങ്കിലും കഴിഞ്ഞദിവസമാണ് കുടുംബശ്രീക്ക് ഇതുസംബന്ധിച്ച കത്തു നൽകിയത്. കുടുംബശ്രീ പ്രവർത്തകരെ ലഭിക്കുന്നതുവരെ താൽക്കാലികമായി ആരെയെങ്കിലും കണ്ടെത്താനാണ് ഔലെറ്റുകൾക്കുള്ള നിർദേശം. 20 രൂപ അധികം വാങ്ങുന്നതിനുള്ള രസീത് ഇന്നലെയും ഏതാനും ഔറ്റ്ലെറ്റുകളിൽ ലഭിച്ചില്ല.
