തിരുവനന്തപുരം :- കിളിമാനൂരിൽ ഒന്നാം ക്ലാസ് വിദ്യാർഥിയെ സ്‌കൂളിൽ വെച്ച് തെരുവ് നായ കടിച്ചു. കിളിമാനൂർ ഗവ. എൽപി സ്കൂളിൽ കലോത്സവത്തിനിടെ, ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. കിളിമാനൂർ മലയാമഠം സ്വദേശിയായ വിദ്യാർഥിക്കാണ് കടിയേറ്റത്. ഉച്ച ഭക്ഷണ ഇടവേളയിൽ കുട്ടി സ്കൂൾ ഗേറ്റിന് സമീപത്തേക്ക് വരുമ്പോൾ അവിടെ ഉണ്ടായിരുന്ന തെരുവ് നായ കുട്ടിയെ ആക്രമിക്കുകയായിരുന്നെന്നാണ് വിവരം.
കുട്ടിയുടെ കാലിനാണ് കടിയേറ്റത്. സ്കൂൾ അധികൃതർ കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തുകയും സമീപത്തെ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയും ചെയ്തു. തുടർന്ന് കുട്ടിക്ക് പാരിപ്പള്ളി മെഡിക്കൽ കോളെജിലെത്തിച്ച് വിദഗ്‌ധ ചികിത്സ നൽകി. കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമാണ്. സ്കൂൾ സ്ഥിതി ചെയ്യുന്ന മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാണെന്ന് നേരത്ത തന്നെ പരാതി ഉയർന്നിരുന്നു.
