ഹൈദരാബാദ് :- പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് 'അതിശക്തമായ ചുഴലിക്കാറ്റായി' മാറിയ മൊൻത ചുഴലിക്കാറ്റിന്റെ ഭീതിയിലാണ് ആന്ധ്രാപ്രദേശ് അടക്കം സംസ്ഥാനങ്ങൾ. മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ മൊൻത ചുഴലിക്കാറ്റ് ആന്ധ്രാ പ്രദേശിന്റെ തീരങ്ങളിലേക്ക് അടുക്കുകയാണ്. ഇന്ന് വൈകുന്നേരമോ രാത്രിയിലോ ആന്ധ്രാപ്രദേശ് തീരത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഈ സമയത്ത്, മണിക്കൂറിൽ 90-100 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും, ചില സമയങ്ങളിൽ 110 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് ഉണ്ടാകാനും സാധ്യതയുണ്ട്. തീരപ്രദേശങ്ങളിൽ നിന്നും ആളുകളെ ഒഴുപ്പിച്ചു. സംസ്ഥാനത്തെ 16 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒഡിഷ, ഛത്തീസ്ഗണ്ഡ്, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലും ജാഗ്രതാ നിർദ്ദേശമുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി അടുത്ത രണ്ട് ദിവസങ്ങളിൽ സർവീസ് നടത്തേണ്ടിയിരുന്ന 100 ലേറെ ട്രെയിനുകൾ റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി ഫോണിൽ ബന്ധപ്പെട്ട് സഹായങ്ങൾ വാഗ്ധാനം ചെയ്തു. എൻഡിആർഎഫ് സംഘം 5 സംസ്ഥാനങ്ങളിലായി 22 ടീമുകളെ വിന്യസിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശ്, ഒഡിഷ, പുതുച്ചേരി, തമിഴ്നാട് , ഛത്തീസ്ഗണ്ഡ് എന്നിവിടങ്ങളിലാണ് എൻഡിആർഎഫ് സംഘത്തെ വിന്യസിച്ചത്. തീരപ്രദേശങ്ങള്ളവരോട് മാറിത്താമസിക്കാൻ നിർദ്ദേശം നൽകി. ബീച്ചുകളും ടൂറിസ്റ്റ് പ്രദേശങ്ങളും അടച്ചു. ഇന്ന് രാവിലെ ആന്ധ്രാപ്രദേശിലും, ഒഡീഷ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും മഴ ശക്തമായിരുന്നു. ഒഡീഷയിൽ 8 ജില്ലകളിൽ റെഡ് അലർട്ടാണ്.
ട്രെയിനുകൾ റദ്ദാക്കി
തീരദേശ ആന്ധ്രാ റൂട്ടുകളിലെ 72 ട്രെയിന്‍ സര്‍വീസുകൾ റദ്ദാക്കി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് തീരുമാനമെന്ന് റെയില്‍വേ അറിയിച്ചു. വിജയവാഡ, രാജമുന്‍ഡ്രി, കാക്കിനട, വിശാഖപട്ടണം, ഭീമാവരം തുടങ്ങിയ പ്രധാന റൂട്ടുകളെ ഇത് സാരമായി ബാധിക്കും. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ വിശാഖപട്ടണത്തിലൂടെ കടന്നുപോകേണ്ട ഒഡീഷയിലെ 32 ട്രെയിനുകൾ റദ്ദാക്കി. നാളെ പുറപ്പെടാൻ ഷെഡ്യൂൾ ചെയ്തിട്ടുള്ള ലോക്കൽ മെമുകളും മറ്റ് ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ടാറ്റാനഗർ-എറണാകുളം എക്സ്പ്രസ് വഴിതിരിച്ചുവിട്ടിട്ടുണ്ട്. കൂടാതെ, ഭുവനേശ്വർ-ജഗ്ദൽപൂർ എക്സ്പ്രസ്, റൂർക്കേല-ജഗ്ദൽപൂർ എക്സ്പ്രസ് എന്നിവയുൾപ്പെടെ രണ്ട് ട്രെയിനുകൾ ഷോർട്ട്-ടെർമിനേറ്റ് (ലക്ഷ്യസ്ഥാനം എത്തുന്നതിനു മുൻപ് യാത്ര അവസാനിപ്പിക്കുക) ചെയ്തിട്ടുണ്ട്.
