സമാധാന നൊബേൽ ; ട്രംപിന് നൽകാത്തതിൽ പുരസ്‌കാര സമിതിയെ വിമർശിച്ച് വൈറ്റ് ഹൗസ്


തിരുവനന്തപുരം :- ട്രംപിന് സമാധാന നൊബേൽ സമ്മാനം നൽകാത്തതിന് പുരസ്‌കാര സമിതിയെ വിമർശിച്ച് വൈറ്റ് ഹൗസ്. പുരസ്‌കാര സമിതി സമാധാനത്തെക്കാൾ രാഷ്ട്രീയത്തിന് പ്രാധാന്യം നൽകി എന്നാണ് വൈറ്റ് ഹൗസിന്‍റെ വിമര്‍ശനം. യുദ്ധങ്ങൾ ഇല്ലാതാക്കുന്നതും സമാധാനക്കരാറുകൾ ഉണ്ടാക്കുന്നതും മനുഷ്യജീവൻ രക്ഷിക്കുന്നതും ട്രംപ് തുടരുമെന്ന് വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ സ്റ്റീവൻ ചങ് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. നിശ്ചയദാർഢ്യത്തോടെ പർവതങ്ങളെ നീക്കാൻ കഴിയുന്ന മറ്റൊരാൾ ഉണ്ടാകില്ലെന്നും വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ സ്റ്റീവൻ ചങ് അഭിപ്രായപ്പെട്ടു.

ഇസ്രയേലും ഹമാസും തമ്മിൽ വർഷങ്ങൾ നീണ്ട യുദ്ധം അവസാനിപ്പിച്ചുകൊണ്ട് ഗാസയിൽ സമാധാന കരാർ സാധ്യമാക്കിയതോടെ സമാധാന നൊബേൽ ട്രംപിന് നല്‍കുന്നതിന് വേണ്ടിയുള്ള അനുയായികളുടെ മുറവിളി ശക്തമായിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്നെ പരസ്യമായി ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. എന്നാൽ 2025 ജനുവരി വരെയുള്ള കാലയളവാണ് പ്രധാനമായും വിലയിരുത്തുകയെന്നതിനാൽ ട്രംപിന് ഇക്കുറി നൊബേൽ കിട്ടാനുള്ള സാധ്യത കുറവാണെന്ന വിലയിരുത്തലുകളും നേരത്തെ തന്നെ വന്നിരുന്നു. എങ്കിലും അത്ഭുതങ്ങൾക്ക് വകയുണ്ടെന്നായിരുന്നു ട്രംപ് അനുകൂലികളുടെ പക്ഷം.



Previous Post Next Post