കൂടുതൽ സ്മാർട്ഫോണുകൾ വിറ്റഴിച്ച് ഇന്ത്യ ; ഒന്നാംസ്ഥാനത്ത് വിവോ


ദില്ലി :- 2025-ലെ മൂന്നാം പാദത്തിൽ (ജൂലൈ-സെപ്റ്റംബർ) ഇന്ത്യൻ സ്മ‌ാർട്ട്ഫോൺ വിപണി മുൻ വർഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനം വളർച്ച കൈവരിച്ചു. ഈ വർഷത്തിൻ്റെ മൂന്നാം പാദത്തിൽ ഏകദേശം 48.4 ദശലക്ഷം യൂണിറ്റ് സ്‌മാർട്ട്ഫോണുകളുടെ വിൽപനയാണ് രാജ്യത്ത് നടന്നത്. ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോ ഏകദേശം 20 ശതമാനം വിഹിതവുമായി ഇന്ത്യൻ വിപണിയിൽ ഒന്നാം സ്ഥാനം നിലനിർത്തി. ഇന്ത്യൻ വിപണിയിൽ ആപ്പിളിന്റെ ഐഫോണുകളും ശക്തമായ സാന്നിധ്യമായിക്കഴിഞ്ഞതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ഫെസ്റ്റിവൽ സീസണിന് മുന്നോടിയായുള്ള പുതിയ ലോഞ്ചുകളും റീട്ടെയിലർമാരിൽ നിന്നുള്ള കിഴിവുകളുമാണ് ഇന്ത്യൻ സ്മ‌ാർട്ട്ഫോൺ വിപണിയിലെ വളർച്ചയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങളെന്ന് മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ഓംഡിയയുടെ റിപ്പോർട്ടിൽ പറയുന്നു. 2025-ൻ് മൂന്നാം പാദത്തിൽ വിവോ (ഐക്യു ഒഴികെ) ഏകദേശം 9.7 ദശലക്ഷം യൂണിറ്റ് ഹാൻഡ്സെറ്റുകൾ ഇന്ത്യയിൽ വിറ്റഴിച്ചു. ദക്ഷിണ കൊറിയൻ സ്‌മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസങ് ഏകദേശം 6.8 ദശലക്ഷം യൂണിറ്റുകളുടെ വിൽപനയുമായി രണ്ടാം സ്ഥാനത്താണ്. സാംസങ്ങിന്റെ വിപണി വിഹിതം ഏകദേശം 14 ശതമാനമാണ്. അതേസമയം, ചൈനീസ് സ്മ‌ാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമി മൂന്നാം സ്ഥാനത്തെത്തി. ഷവോമിയുടെ 6.5 ദശലക്ഷം സ്മ‌ാർട്ട്ഫോണുകളുടെ വിൽപന മറ്റൊരു ചൈനീസ് സ്മാർട്ട്ഫോൺ കമ്പനിയായ ഓപ്പോയുടെ ഇന്ത്യയിലെ വ്യാപാരത്തിന് ഏതാണ്ട് സമാനമാണ്.

2025-ന്റെ മൂന്നാം പാദത്തിലെ മികച്ച അഞ്ച് സ്‌മാർട്ട്ഫോൺ കമ്പനികളിൽ അമേരിക്കൻ ടെക് ഭീമനായ ആപ്പിൾ ഇടം നേടി. ആഗോളതലത്തിൽ ജനപ്രിയമായ ഐഫോണിൻറെ നിർമ്മാതാക്കളായ ആപ്പിൾ ഏകദേശം 4.9 ദശലക്ഷം യൂണിറ്റുകളുടെ വിൽപനയോടെ 10 ശതമാനം വിപണി വിഹിതം നേടി. ഇന്ത്യയിൽ ഐഫോണുകളുടെ എക്കാലത്തെയും മികച്ച വിൽപനയാണിത്. കമ്പനിയുടെ വിൽപ്പനയുടെ ഒരു പ്രധാന ഭാഗം ഐഫോൺ 16 ആയിരുന്നു. കഴിഞ്ഞ മാസം ആപ്പിൾ ഐഫോൺ 17 സീരീസ് പുറത്തിറക്കി. 

പുതിയ സ്‌മാർട്ട്ഫോൺ സീരീസിൽ ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ്, ഐഫോൺ എയർ എന്നിവ ഉൾപ്പെടുന്നു. ഈ സീരീസിന് കമ്പനിക്ക് ശക്തമായ ഡിമാൻഡ് അനുഭവപ്പെടുന്നു. എങ്കിലും ഈ വർഷം അവതരിപ്പിച്ച പുതിയ മോഡലായ ഐഫോൺ എയറിന്റെ വിൽപ്പന കുറവാണ്. ഇക്കാരണത്താൽ, ഈ സ്മാർട്ട്ഫോണിൻ്റെ നിർമ്മാണം കുറയ്ക്കാൻ കമ്പനി തീരുമാനിച്ചു. വിവോയുടെ ടി സീരീസ്, വി60, വൈ സീരീസ് എന്നിവ 2025-ൻ്റെ മൂന്നാം പാദത്തിൽ മികച്ച പ്രകടനം കാഴ്‌ചവെച്ചതായി റിപ്പോർട്ട് പറയുന്നു. മിഡ്-പ്രീമിയം വിഭാഗത്തിലെ വിൽപ്പനയിലെ വർധനവാണ് സാംസങ്ങിന് നേട്ടമായത്. ഗാലക്സി എസ്‌24 വിൽപ്പനയിൽ ഗണ്യമായ സംഭാവന നൽകി. ഓപ്പോയെ സംബന്ധിച്ചിടത്തോളം, എഫ്31 സീരീസ് വിൽപ്പന വർധിക്കാൻ സഹായിച്ചു.

Previous Post Next Post