മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിംങ് പരാമർശം ; സഭയിൽ ബഹളം, ഇന്നും നടുത്തളത്തിലിറങ്ങി പ്രതിപക്ഷം


തിരുവനന്തപുരം :- തുടർച്ചയായി നാലാം ദിവസവും നിയമസഭയിൽ ഭരണ- പ്രതിപക്ഷ ബഹളം. സഭാ നടപടികൾ തുടങ്ങിയതോടെ പ്രതിപക്ഷ നേതാവ് സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കം തുടങ്ങിയത്. വാച്ച് ആൻഡ് വാർഡിനെ വെച്ച് പ്രതിപക്ഷത്തെ നേരിടാൻ സ്പീക്കർ ശ്രമിച്ചുവെന്നും മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിം​ഗ് പരാമർശവും വിഡി സതീശൻ സഭയിൽ ഉന്നയിച്ചു. ഇതോടെ സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മിൽ വാക്ക് തർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ പ്രതിപക്ഷം ബാനറുമായി നടുത്തളത്തിലേക്കിറങ്ങി. ബാനർ പിടിച്ചു വാങ്ങാൻ സ്പീക്കർ വാച്ച് ആൻറ് വാർഡിനോട് പറഞ്ഞത് സഭയിൽ പ്രതിഷേധം ശക്തമാക്കി. ബാനറുമായി പ്രതിപക്ഷം വീണ്ടും സ്പീക്കറുടെ ചെയറിന് മുന്നിൽ നിന്നുകൊണ്ട് പ്രതിഷേധിക്കുകയാണ്. എന്നാൽ ചെയറിനു മുന്നിൽ ബാനർ പിടിക്കരുതെന്ന നിലപാടിലാണ് സ്പീക്കർ. ശബരിമലയിലെ സ്വർണ്ണപ്പാളി വിഷയത്തിലാണ് ദിവസങ്ങളായി സഭയിൽ പ്രതിഷേധം നടക്കുന്നത്.

പ്രതിപക്ഷത്തെ പ്രതിരോധിച്ച് ഭരണപക്ഷ എംഎൽഎമാർ രം​ഗത്തെത്തി. പ്രതിപക്ഷം ഒരു വനിതയെ ആക്രമിച്ചെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. പ്രതിപക്ഷം സഭയിൽ തോന്നിയവാസം കാണിക്കുകയാണെന്നും പ്രതിപക്ഷനേതാവ് ഗുണ്ടായിസത്തിന് നേതൃത്വം കൊടുക്കുകയാണെന്നും എംബി രാജേഷ് പറഞ്ഞു. ചോദ്യോത്തരവേള തടസ്സപ്പെടുത്താൻ പ്രതിപക്ഷം നീക്കം നടത്തുകയാണെന്ന് സ്പീക്കറും പ്രതികരിച്ചു. ബഹളത്തിനിടെ ചോദ്യോത്തര വേളയിലേക്ക് സ്പീക്കർ കടക്കുകയും ചെയ്തു. ബാനർ മാറ്റാൻ നിർദ്ദേശം നൽകണമെന്ന് മന്ത്രി ഗണേഷ് കുമാറും പ്രതികരിച്ചു.   

ഐഎൻടിയുസി നേതാവ് പ്രതിപക്ഷ ബഹളത്തിൽ ഉണ്ടെന്നും കെഎസ്ആർടിസിക്കായി ആ നേതാവ് ഒരു നയാ പൈസ ചിലവാക്കിയില്ലെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു. വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസ്റ്റാൻഡിനായി ഒരു വാക്ക് പോലും ആവശ്യപ്പെട്ടില്ല. നേരിട്ടാണ് സർക്കാർ അത്‌ നടപ്പിലാക്കിയത്. എന്നിട്ട് കെഎസ്ആർടിസി യൂണിയൻ നേതാവായി നടക്കുകയാണെന്നും ​ഗണേഷ് കുമാർ പറഞ്ഞു. ഹൈക്കോടതി പ്രഖ്യാപിച്ച അന്വേഷണം പോരെങ്കിൽ കോടതിയിൽ തന്നെ പോണം. ഹൈക്കോടതി പ്രഖ്യാപിച്ച അന്വേഷണത്തിന് മുകളിൽ മറ്റൊരന്വേഷണം പ്രഖ്യാപിക്കാൻ മുഖ്യമന്ത്രിക്ക് അധികാരമില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധം ജനാധിപത്യവിരുദ്ധമാണ് കെവി സുമേഷ് എംഎൽഎ പറഞ്ഞു. ഹൈക്കോടതി തന്നെ അന്വേഷണത്തിന് എസ്ഐടിയെ നിയോഗിച്ചിട്ടുണ്ട്. അപകടകരമായ നിലപാടാണ് പ്രതിപക്ഷത്തിന്റേതെന്നും കെവി സുമേഷ് എംഎൽഎ പറഞ്ഞു. നിലവിൽ പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. 





Previous Post Next Post