കൗമാരക്കാരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ കൂടുതൽ നിയന്ത്രണങ്ങളുമായി മെറ്റ


കാലിഫോർണിയ :- കൗമാരക്കാരുടെ സുരക്ഷ സംബന്ധിച്ചുള്ള പരാതി പ്രളയങ്ങൾക്ക് പിന്നാലെ ഇൻസ്റ്റഗ്രാമിലെ ടീൻ അക്കൗണ്ടുകളിൽ (Teen Accounts) മെറ്റ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. മെറ്റയുടെ പുത്തൻ പോളിസി അനുസരിച്ച് പിജി-13 (PG-13 movies) സിനിമ റേറ്റിംഗ് അടിസ്ഥാനമാക്കിയുള്ള ഉള്ളടക്കങ്ങൾ മാത്രമേ ഇൻസ്റ്റ കൗമര അക്കൗണ്ടുകളിൽ ഇനി മുതൽ ദൃശ്യമാക്കുകയുള്ളൂ. ഇത് 18 വയസിന് താഴെ പ്രായമുള്ള കൗമാരക്കാരുടെ ഇൻസ്റ്റ അക്കൗണ്ടുകളിൽ ഡിഫോൾട്ടായി പ്രത്യക്ഷപ്പെടുന്ന ഫീച്ചറാണ്. അതായത്, 18 വയസിന് താഴെയുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉടമകൾക്ക് പിജി-13 റേറ്റിംഗ് ലഭിച്ച സിനിമകളിൽ കാണാനാവുന്ന ഉള്ളടക്കങ്ങൾ മാത്രമേ പ്ലാറ്റ്ഫോമിൽ ദൃശ്യമാവുകയുള്ളൂ. ടീൻ അക്കൗണ്ടുകളിൽ ഈ നിയന്ത്രണം എടുത്തു മാറ്റണമെങ്കിൽ മാതാപിതാക്കൾ അതിന് അനുമതി നൽകണം. കൗമാരക്കാർക്ക് കൂടുതൽ നിയന്ത്രണം ആവശ്യമാണെന്ന് തോന്നുന്ന മാതാപിതാക്കളെ ലക്ഷ്യമിട്ട് പുതിയ സ്റ്റിക്ടർ (Limited Content) സെറ്റിംഗ് അവതരിപ്പിക്കുന്നതായും മെറ്റ പ്രഖ്യാപിച്ചു.

ഇൻസ്റ്റഗ്രാം ടീൻ അക്കൗണ്ടുകളിൽ കൂടുതൽ നിയന്ത്രണം

ഇൻസ്റ്റഗ്രാമിൽ കൗമാര അക്കൗണ്ടുകൾ കഴിഞ്ഞ വർഷം ആരംഭിച്ച ശേഷം മെറ്റ നടത്തുന്ന ഏറ്റവും വലിയ അപ്ഡേറ്റാണിത്. ടീൻ അക്കൗണ്ടുള്ളവർക്ക് ഒരു വർഷമായി ഉള്ളടക്കങ്ങളിൽ നിയന്ത്രണമുണ്ടായിരുന്നു. ഇതിപ്പോൾ കൂടുതൽ കടുപ്പിക്കുകയാണ് മെറ്റ. 'ലോകമെമ്പാടുമുള്ള കോടിക്കണക്കിന് കൗമാരക്കാരാണ് ടീൻ അക്കൗണ്ടുകൾ ഇൻസ്റ്റയിൽ ഉപയോഗിക്കുന്നത്. കൗമാരക്കാർ പലരും ഈ നിയന്ത്രണങ്ങൾ മറികടക്കാൻ ശ്രമിച്ചേക്കാമെന്ന് ഞങ്ങൾക്കറിയാം. അതുകൊണ്ടാണ്, പ്രായപൂർത്തിയായവരെന്ന് അവകാശപ്പെട്ടാലും കൗമാരക്കാരിൽ നിന്ന് ഉള്ളടക്കങ്ങൾ നിയന്ത്രിക്കാൻ ഞങ്ങൾ പ്രായ പ്രവചന സാങ്കേതികവിദ്യ പ്ലാറ്റ്ഫോമിൽ ഉപയോഗിക്കുന്നത്. ഒരു സംവിധാനവും 100 ശതമാനവും മികവുറ്റതല്ല എന്ന് ഞങ്ങൾക്കറിയാം. അതിനാൽ ഘട്ടം ഘട്ടമായി ഇൻസ്റ്റഗ്രാമിനെ പുതുക്കാനാണ് കമ്പനി ആഗ്രഹിക്കുന്നത്. കൗമാരക്കാരെ സുരക്ഷിതരാക്കാൻ മെറ്റ കിണഞ്ഞുപരിശ്രമിക്കുന്നുണ്ടെന്ന് മാതാപിതാക്കൾക്ക് ഉറപ്പുനൽകുന്ന അപ്ഡേറ്റാണ് ഇപ്പോൾ വരുത്തിയിരിക്കുന്നതെന്നും' - മെറ്റ വിശദീകരിച്ചു.

ഇൻസ്റ്റഗ്രാമിലെ 13+ നിയന്ത്രണത്തിന് കീഴിൽ വരുന്ന അക്കൗണ്ടുകളിൽ യൂസർമാർക്ക് എല്ലാ ഉള്ളടക്കങ്ങളും ദൃശ്യമാവില്ല. ലൈംഗിക ഉള്ളടക്കങ്ങൾ ഇൻസ്റ്റഗ്രാം ഇത്തരം യൂസർമാരിൽ നിന്ന് നേരത്തെതന്നെ തടഞ്ഞിരുന്നു. പ്രായത്തിന് അനുയോജ്യമല്ലാത്ത ഉള്ളടക്കം പതിവായി പങ്കിടുന്ന അക്കൗണ്ടുകളെ കൗമാരക്കാർക്ക് ഇനി പിന്തുടരാനും കഴിയില്ല. അവർ ഇതിനകം അത്തരം അക്കൗണ്ടുകൾ പിന്തുടരുന്നുണ്ടെങ്കിൽ, അവർക്ക് ഇനി അവരുടെ ഉള്ളടക്കം കാണാനോ സംവദിക്കാനോ, അവരിൽ നിന്ന് നേരിട്ടുള്ള സന്ദേശങ്ങൾ അയയ്ക്കാനോ സ്വീകരിക്കാനോ, പോസ്റ്റുകൾക്ക് കീഴിലുള്ള കമൻ്റുകൾ കാണാനോ കഴിയില്ല. ചില സെർച്ച് വാക്കുകളും ഇൻസ്റ്റഗ്രാം തടയും. കൂടാതെ മെറ്റയുടെ എഐ ചാറ്റ്ബോട്ട് പ്രായത്തിന് അനുയോജ്യമല്ലാത്ത പ്രതികരണങ്ങൾ ഇൻസ്റ്റഗ്രാം കൗമാര ഉപയോക്താക്കൾക്ക് നൽകില്ലെന്നും കമ്പനി വ്യക്തമാക്കി.

കൗമാര അക്കൗണ്ടുകളിലെ പുതിയ കണ്ടന്റ് നിയന്ത്രണങ്ങളെ കുറിച്ച് വിശദീകരിക്കുന്ന വീഡിയോ മെറ്റ പുറത്തുവിട്ടിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലെ സെറ്റിംഗ്‌സിൽ പ്രവേശിച്ച് ടീൻ അക്കൗണ്ട് സെറ്റിംഗ് എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. അതിൽ വാട്ട് യു സീ എന്നൊരു ഓപ്ഷൻ കാണാം. ഇതിൽ ക്ലിക്ക് ചെയ്‌ത്‌ കണ്ടന്റ്റ് സെറ്റിംഗ് എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. അതിൽ 13+ ആണോ ഡിഫോൾട്ടായി കിടക്കുന്നത് എന്ന് നോക്കുക. അല്ലെങ്കിൽ 13+ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ഉറപ്പുവരുത്തുക. കണ്ടന്റുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് 13+ന് തൊട്ടുമുകളിലായി കാണുന്ന ലിമിറ്റഡ് കണ്ടന്റ് എന്ന ഓപ്ഷൻ തെരഞ്ഞെടുക്കാം. ഇൻസ്റ്റഗ്രാമിൽ കുട്ടികൾ എന്ത് കാണുന്നു എന്ന കാര്യത്തിൽ മാതാപിതാക്കൾക്ക് കൂടുതൽ നിയന്ത്രണം നൽകുന്ന ഫീച്ചറാണ് ലിമിറ്റഡ് കണ്ടന്റ്. 13+ പോലെ തന്നെ ഇതിലും കമന്റുകളും മെസേജുകൾക്കും നിയന്ത്രണമുണ്ട്. ഇൻസ്റ്റയിൽ ആദ്യ ഘട്ടത്തിൽ യുഎസിലും യുകെയിലും ഓസ്ട്രേലിയയിലും കാനഡയിലും എത്തിയിരിക്കുന്ന പുത്തൻ ഫീച്ചറുകൾ വരും മാസങ്ങളിൽ മറ്റ് രാജ്യങ്ങളിലേക്കുമെത്തും.

Previous Post Next Post