വിരലമര്‍ത്തിയാല്‍ മതി; സന്നദ്ധസേവകര്‍ തൊട്ടരികിലെത്തും

 


തലശ്ശേരി:-എരഞ്ഞോളിയിലെ വയോജനങ്ങള്‍ക്ക് ആശുപത്രിയില്‍ കൂട്ടുവരാനോ മറ്റാവശ്യങ്ങള്‍ക്കോ ഇനി ഒരു ആപ്ലിക്കേഷനില്‍ വിരലമര്‍ത്തിയാല്‍ മതി. എന്തിനും സഹായിക്കുന്ന സന്നദ്ധസേവകര്‍ ഒരു ആപ്പിലൂടെ തൊട്ടരികിലെത്തും. തലശ്ശേരി കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ കംപ്യൂട്ടര്‍ സയന്‍സ് വിഭാഗം വിദ്യാര്‍ഥികളുടെ പ്രൊജക്ടിന്റെ ഭാഗമായാണ് ഇത്തരമൊരു ആശയം വന്നത്. കെ ഡിസ്‌കും കിലയും ചേര്‍ന്ന് നടപ്പാക്കുന്ന 'ഒരു തദ്ദേശസ്ഥാപനം ഒരു ആശയം' പദ്ധതിയുടെ ഭാഗമായുള്ള ബ്ലോക്ക് ഇന്നോവേഷന്‍ ക്ലസ്റ്ററില്‍ തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലാണ് ഇത് നടപ്പാക്കുന്നത്. ഇതിന്റെ പൈലറ്റ് പദ്ധതിയാണ് എരഞ്ഞോളിയിലേത്.

സംസ്ഥാനത്തെ 21 ബ്ലോക്ക് പഞ്ചായത്തുകളില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ ബ്ലോക്ക് ഇന്നോവേഷന്‍ ക്ലസ്റ്റര്‍ നടക്കുന്നുണ്ട്. ഓരോ ബ്ലോക്കും കേന്ദ്രീകരിച്ച് സര്‍ക്കാര്‍ സംവിധാനങ്ങള്‍, അക്കാദമിക സ്ഥാപനങ്ങള്‍, വ്യാവസായിക സംരംഭങ്ങള്‍, പൊതുസമൂഹം എന്നിവയെ കൂട്ടിയോജിപ്പിച്ച് പരിഹാരം കാണാനാകാത്ത സങ്കീര്‍ണ വികസന പ്രശ്നങ്ങള്‍ പരിഹരിക്കാനും അതിലൂടെ സമഗ്ര ഇന്നവേഷന്‍ ആവാസവ്യവസ്ഥ ഉണ്ടാക്കിയെടുക്കാനും തദ്ദേശസ്ഥാപനങ്ങളെ സഹായിക്കാനാണ് കെ ഡിസ്‌കും കിലയും ചേര്‍ന്ന് ബ്ലോക്ക് ഇന്നവേഷന്‍ ക്ലസ്റ്റര്‍ നടപ്പാക്കുന്നത്. ഇന്ത്യയിലാദ്യമായിട്ടാണ് വിജ്ഞാന സമൂഹ സൃഷ്ടിക്കായി ഇന്നവേഷന്‍  ക്ലസ്റ്റര്‍ രൂപീകരിക്കുന്നത്.

മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ ശുദ്ധജല പ്രശ്‌നത്തിനും ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നതിനും പരിഹാരം കാണാനുള്ള പദ്ധതിയും തലശ്ശേരി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കോളേജിലെ സിവില്‍ വകുപ്പിന്റെ സഹകരണത്തോടെ തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കും. ഇരുവരും ഇതിനായുള്ള ധാരണാപത്രം ഒപ്പിട്ടു. പഞ്ചായത്തുകളുമായുള്ള ധാരണാപത്രവും വൈകാതെ ഒപ്പുവെക്കും.

തലശ്ശേരി ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി അനിത, വൈസ് പ്രസിഡന്റ് പി.ആര്‍ വസന്തന്‍, ബിഡിഒ ടി.പി പ്രദീപന്‍, എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എബി ഡേവിഡ്, അധ്യാപകരായ കെ രഞ്ജിത്, പി റിനിത, ഷെജിന, ഡോ. ടി.കെ മുനീര്‍, പ്രൊജക്ട് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി.പി സ്വാതി, ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ പി.വി രത്‌നാകരന്‍ എന്നിവര്‍ സംസാരിച്ചു.

Previous Post Next Post