തമിഴ്നാട്ടിൽ മലയാളി തൊഴിലാളിയെ തലയ്ക്കടിച്ച് കൊന്നു ; സുഹൃത്ത് അറസ്റ്റിൽ


കമ്പം :- മലയാളിയായ തൊഴിലാളിയെ ചുറ്റികക്ക് അടിച്ചു കൊലപ്പെടുത്തി. തൃശൂർ സ്വദേശി മുഹമ്മദ് റാഫി (44) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ ഗൂഡല്ലൂർ സ്വദേശി ഉദയകുമാറിനെ(39) പോലിസ് അറസ്റ്റ് ചെയ്‌തു. തമിഴ് നാട്ടിലെ കമ്പത്താണ് സംഭവം. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. കമ്പത്ത് സ്വകാര്യ ലോഡ്‌ജിൽ വെച്ച് ഗ്രിൽ ജോലി ചെയ്തു വരികയായിരുന്നു മുഹമ്മദ് റാഫി. 

മുമ്പ് കേരളത്തിൽ റാഫിയോടൊപ്പം ജോലി ചെയ്തതിരുന്ന കമ്പം സ്വദേശിയായ ശരവണനൊപ്പമായിരുന്നു ജോലി. ഒക്ടോബർ 6-ന് കമ്പത്ത് എത്തിയ റാഫി, ചെല്ലാണ്ടി അമ്മൻ കോവിൽ സ്ട്രീറ്റിലുള്ള ഒരു സ്വകാര്യ ലോഡ്ജിൽ താമസിച്ച് ശരവണനോടൊപ്പം ജോലി ചെയ്തു വരികയായിരുന്നു. 8ന് രാത്രി റാഫി തന്റെ മുറിയിലേക്ക് മടങ്ങിയെത്തി. അടുത്ത മുറിയിൽ താമസിച്ചിരുന്ന കൂടലൂർ ഉദയകുമാർ എന്നയാളുമായി ചേർന്ന് ഇരുവരും മദ്യപിച്ചു. മദ്യപാനത്തിനിടെ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഇതിൽ പ്രകോപിതനായ ഉദയകുമാർ, തന്റെ ജോലിക്ക് ഉപയോഗിക്കുന്ന ചുറ്റികയെടുത്ത് മുഹമ്മദ് റാഫിയുടെ നെഞ്ചിൽ അടിക്കുകയായിരുന്നു. 

അടിയേറ്റ റാഫി ബോധരഹിതനായി കിടന്നു. ഇത് കണ്ട ലോഡ്‌ജ്‌ ജീവനക്കാർ ഉടൻ തന്നെ കമ്പം നോർത്ത് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധിച്ചപ്പോൾ റാഫി മരിച്ചതായി സ്ഥിരീകരിച്ചു. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കമ്പം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് ഉദയകുമാറിനെ അറസ്റ്റ് ചെയ്തു. നിലവിൽ അന്വേഷണം നടന്നുവരികയാണ്.

Previous Post Next Post